ഹിന്ദുക്കളിലെ ജന്തുക്കളായി തങ്ങളെ കാണുന്നവരുണ്ട്; ഗുരുവായൂരില്‍ ആനപ്പിണ്ടം വാരാന്‍ പോലും ഒരു പട്ടികജാതിക്കാരനെ നിയമിച്ചിട്ടില്ല: വെള്ളാപ്പള്ളി

പട്ടിക ജാതിക്കാരനും പിന്നോക്കക്കാരനും ഇപ്പോഴും അമ്പലങ്ങളില്‍ പ്രവേശനമില്ലാത്ത സ്ഥിതിയുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആലപ്പുഴ: പട്ടിക ജാതിക്കാരനും പിന്നോക്കക്കാരനും ഇപ്പോഴും അമ്പലങ്ങളില്‍ പ്രവേശനമില്ലാത്ത സ്ഥിതിയുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദുക്കളിലെ ജന്തുക്കളായി ഞങ്ങളെ കാണുന്നവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പിന്നാക്ക വിഭാഗക്കാരുടെ ശാന്തി നിയമനം നടന്നിട്ടും തൃശ്ശൂരില്‍ അവരെ ശാന്തിയാക്കിയില്ല. അങ്ങനെ ഒരുപാട് ദുഃഖത്തിന്റെ കഥ തങ്ങള്‍ക്ക് പറയാനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരുപാട് വിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിയ കേരളമാണിത്. ക്ഷേത്രങ്ങളിലായാലും സമൂഹത്തിലായാലും ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതുണ്ട്. അനാചാരങ്ങളും ആചാരങ്ങളുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ യുവതികള്‍ കയറേണ്ടതില്ലാ എന്നു തന്നെയാണ് അഭിപ്രായം.

ആനപ്പിണ്ടം എടുക്കാന്‍ പോലും ഗുരുവായൂരില്‍ ഒരുപട്ടിക ജാതിക്കാരനെ നിയമിച്ചിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുന്നൂറിലധികം ജീവനക്കാരുണ്ട്. ഒരാളെ പോലും പട്ടിക ജാതി-പിന്നാക്ക വിഭാഗക്കാരനെ ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. വനിതാ മതില്‍ ചരിത്രത്തില്‍ ഒരു പുതിയ നാഴകക്കല്ലാകും. ഇത്രയധികം സ്ത്രീകളെ നവോത്ഥാനത്തിന് വേണ്ടി അണിനിരത്താന്‍ സാധിച്ചാല്‍ തന്നെ അത് വലിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version