വിനായകന്‍ പറഞ്ഞത് തെറ്റാണ്! അന്ന് മൈക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല; ക്ഷമ ചോദിച്ച് നടി നവ്യ നായര്‍

ഒരുത്തീ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടി നവ്യ നായര്‍. വിനായകന്റെ പരാമര്‍ശം വിവാദമായതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ തങ്ങളുടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

വിനായകനൊപ്പം സദസ്സില്‍ നവ്യ നായരും സംവിധായകന്‍ വികെ പ്രകാശും ഒപ്പമുണ്ടായിരുന്നിട്ടും സംഭവത്തില്‍ നിശബ്ദത പാലിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നവ്യ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം തൃപ്പൂണിത്തുറയില്‍ സിനിമ കാണാന്‍ എത്തിയതിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു നവ്യയുടെ പ്രതികരണം.

വിനായകന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് പറഞ്ഞ നവ്യ, അതില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും എന്നാല്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും സിനിമയില്‍ വിനായകനൊപ്പം അഭിനയിച്ച ആളെന്ന നിലയില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. അന്നവിടെ ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ സ്ത്രീയാണ് ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

‘അന്നവിടെ ഒരുപാട് പുരുഷന്മാര്‍ ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും വിശദീകരണം ചോദിക്കുന്നത് എന്നോടാണ്. വിനായകന്‍ പറഞ്ഞത് തെറ്റാണ്. അന്ന് മൈക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അന്ന് നടന്ന മുഴുവന്‍ സംഭവത്തിലും മാപ്പ് ചോദിക്കുന്നു.’ – നവ്യ പറഞ്ഞു.

‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ – എന്നായിരുന്നു വിനായകന്‍ പറഞ്ഞത്.

സംഭവം വലിയ വിവാദമായതോടെ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകയോട് ഫേസ്ബുക്കിലൂടെ വിനായകന്‍ ക്ഷമാപണം നടത്തിയിരുന്നു.

Exit mobile version