‘അന്ധവിശ്വാസങ്ങളുടെ വഴി മാറണം, വനിതാ മതില്‍ ജനങ്ങളെ ശാസ്ത്രബോധത്തിലേയ്ക്ക് തിരികെ കൊണ്ട് വരും’ പിന്തുണച്ച് മാലാ പാര്‍വ്വതി

യഥാര്‍ത്ഥ ഈശ്വരചിന്തയില്‍നിന്ന് ആചാരസംരക്ഷണത്തിലേക്ക് വിശ്വാസം എന്നത് ചുരുങ്ങി.

തിരുവനന്തപുരം: വനിതാ മതിലിനെ പിന്തുണച്ച് നടി മാലാ പാര്‍വ്വതി രംഗത്ത്. അന്ധവിശ്വാസത്തിന്റെ വഴിയില്‍ നിന്ന് ജനങ്ങളെ ശാസ്ത്ര ബോധത്തിലേയ്ക്ക് തിരികെ കൊണ്ട് വരാനുള്ള ആദ്യപടിയാണെന്നും അവര്‍ പറയുന്നു. വിനോദ പരിപാടികളെന്ന പേരില്‍ ജനമനസിലേക്ക് വിഷം കുത്തിവയ്ക്കുന്ന സ്ഥിതിയുണ്ട്. വിദ്വേഷവും അന്ധവിശ്വാസങ്ങളും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നത് ഇതിനാലാണ്.

ഇത് ഒഴിവാക്കാനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന ഒന്നായി വനിതാ മതില്‍ മാറുമെന്ന് താരം പറയുന്നു. സാംസ്‌കാരിക, രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ വലിയ പങ്കുവഹിച്ച നാടകംപോലുള്ള കലാരൂപങ്ങള്‍ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടിയിരിക്കുന്നു.

ഇതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയ്ക്കാണ് വനിതാമതിലിനെ കാണുന്നത്. യഥാര്‍ത്ഥ ഈശ്വരചിന്തയില്‍നിന്ന് ആചാരസംരക്ഷണത്തിലേക്ക് വിശ്വാസം എന്നത് ചുരുങ്ങി. അഥില്‍ നിന്നും മാറ്റം അനിവാര്യമാണ്. ശബരിമലയെ മതഭ്രാന്തിന്റെ വിളനിലമാക്കാനാണ് ശ്രമം. സമൂഹത്തില്‍ വളര്‍ന്നുവരുന്ന അന്ധവിശ്വാസത്തെ ചെറുക്കാനുള്ള ശ്രമത്തിനെതിരെ വന്‍മതില്‍ തീര്‍ക്കുന്നത് സ്ത്രീകളാണെന്നതും അഭിമാനകരം. പുതുവര്‍ഷദിനത്തില്‍ തീര്‍ക്കുന്ന മതിലിന്റെ ഭാഗമാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.

Exit mobile version