ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട: ഭൂമി നഷ്ടമാകുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം; ജനം ആരെ കേള്‍ക്കുമെന്ന് കാണാം, പ്രതിപക്ഷ ആരോപണങ്ങളോട് മുഖ്യമന്ത്രി

കെ-റെയില്‍ കല്ലിടലിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട. പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. ഭൂമി നഷ്ടമാകുന്നവര്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അതിനായി അവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കും. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താല്‍പര്യത്തിനല്ല പ്രാധാന്യം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ല, ആര് പറയുന്നതാണ് ജനം കേള്‍ക്കുകയെന്ന് കാണാം. നാടിന്റെ വികസന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത ഭൂമിയേറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമാക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമായാല്‍ നാടിന് വന്‍ പുരോഗതിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പറ്റില്ലെന്നാണ് പലരും പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതിനെ കോണ്‍ഗ്രസും ബിജെപിയും ഭയക്കുന്നു. സങ്കുചിത കക്ഷി രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കരുത്. നാടിന്റെ വികസനത്തെ ജനം പിന്തുണയ്ക്കും. ദുശാഠ്യം നാടിന്റെ താത്പര്യം സംരക്ഷിക്കാനല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡിജിപി അനില്‍കാന്ത് പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം.

Exit mobile version