യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാർത്തയറിഞ്ഞ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു; ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

തിരുവനന്തപുരം: യുവാവിന്റെ മരണവാർത്തയറിഞ്ഞ് സംഭവസ്ഥലത്തേക്ക് തിരിച്ച ഭാര്യയും ഇവരുടെ സഹോദരിയും കാറിടിച്ചു മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസിൽ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി ജി കോളനിയിൽ താമസിക്കുന്ന ഐശ്വര്യ (32), ഇവരുടെ സഹോദരി ശാരിമോൾ (31) എന്നിവർ മരിച്ചത്.

ശനിയാഴ്ച രാത്രി 9.30-ഓടെ വാഴമുട്ടം ബൈപ്പാസിൽ പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്തായിരുന്നു അപകടം. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്കു പോകുകയായിരുന്ന കാറിടിച്ചാണ് സഹോദരിമാർ കൊല്ലപ്പെട്ടത്. റോഡിൽ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഐശ്വര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഗുരുതരമായ പരിക്കോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ശാരിമോൾ അർദ്ധരാത്രിയോടെയാണ് മരിച്ചത്.

അപകടത്തിൽ മരിച്ച ഐശ്വര്യയുടെ ഭർത്താവ് ശ്രീജി നെടുമങ്ങാടാണ് താമസിക്കുന്നത്. ഇദ്ദേഹം വീട്ടിൽ തൂങ്ങി മരിച്ചുവെന്നറിഞ്ഞായിരുന്നു ഐശ്വര്യയും ശാരിമോളും അവിടേക്കു പോകുന്നതിന് ബസ് കയറാനായി ബൈപ്പാസിലെത്തിയതെന്ന് സമീപവാസികൾ പറഞ്ഞു.

ALSO READ- മലപ്പുറത്തെ താൽകാലിക സെവൻസ് സ്റ്റേഡിയം തകർന്ന് ദുരന്തം, നിർമ്മിച്ചത് മുള കൊണ്ട്, പരിക്കേറ്റവരിൽ കുട്ടികളും, 10 പേർ ഗുരുതരാവസ്ഥയിൽ

ഐശ്വര്യയുടെ മക്കൾ അഭിനയ, അവന്തിക. സജീവാണ് ശാരിമോളുടെ ഭർത്താവ്. വർഷ, അമൽ എന്നിവരാണ് മക്കൾ.

Exit mobile version