വീടില്ലാത്തവരുടെ ദുരിതം കണ്ടറിഞ്ഞു: വീട് വയ്ക്കാന്‍ മൂന്ന് കുടുംബങ്ങള്‍ക്ക് 15 സെന്റ് സ്ഥലം സൗജന്യമായി നല്‍കി ജോണ്‍സന്റെ മാതൃക

ശ്രീകൃഷ്ണപുരം: വീടില്ലാത്തവര്‍ക്ക് വീട് വയ്ക്കാന്‍ സ്വന്തം ഭൂമിയില്‍ നിന്നും 15 സെന്റ് സ്ഥലം സൗജന്യമായി നല്‍കി മാതൃകയായി ജോണ്‍സണ്‍. കാട്ടുകുളം ഏജന്റ് കടമ്പൂര്‍ പൊയ്കയില്‍ ജോണ്‍സണ്‍. കാട്ടുകുളം സ്വദേശിയായ ജോണ്‍സണാണ് ഇൗ നന്മയ്ക്ക് പിന്നില്‍. മാതൃഭൂമി ഏജന്റ് കൂടിയാണ് ഇദ്ദേഹം.

രാവിലെ പത്രക്കെട്ടുമായി പോകുമ്പോള്‍ വീടില്ലാത്തവരുടെ ദുരിതം നേരിട്ടറിഞ്ഞതില്‍ നിന്നാണ് ജോണ്‍സന്റെ നന്മ പ്രവൃത്തി. കോവിഡ് വന്നതോടെ ജോലി നഷ്ടപ്പെട്ട് വാടക കൊടുത്ത് ജീവിക്കാന്‍ പോലും കഴിയാത്തവരെയും കാണാനിടയായി. വാടക നല്‍കാത്തതിനാല്‍ ചിലരെ വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ടതിനും അദ്ദേഹം ദൃക്‌സാക്ഷിയായി. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സമ്പൂര്‍ണ എ പ്ലസ് കിട്ടിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഈ കാഴ്ചകള്‍ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. വീടില്ലാത്തവരെ സഹായിക്കാന്‍ ഒരു പോംവഴി ആലോചിച്ചു. അങ്ങനെ വീടില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സ്വന്തം ഭൂമിയില്‍നിന്ന് 15 സെന്റ് സ്ഥലം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു.

വീടുവെക്കാന്‍ കടമ്പൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായവും ജോണ്‍സണ്‍ പ്രതീക്ഷിക്കുന്നുണ്ട്. ആകെയുള്ള ഒന്നര ഏക്കര്‍ സ്ഥലത്തുനിന്നാണ് അഞ്ചുസെന്റുവീതം മൂന്നുപേര്‍ക്ക് നല്‍കുന്നത്.

അര്‍ഹതയുള്ളവരെയും ജോണ്‍സണ്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മതവിഭാഗങ്ങളില്‍പ്പെട്ട മൂന്നുപേര്‍ക്കാണ് ഭൂമി നല്‍കുന്നത്. ഭൂമിയുടെ ആധാരം കൈമാറല്‍ച്ചടങ്ങ് ഞായറാഴ്ച കടമ്പൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ നടന്നു. ആഗിനിയാണ് ജോണ്‍സന്റെ ഭാര്യ. സിനി മാത്യു, സിനോജ് എന്നിവര്‍ മക്കളാണ്.

കടമ്പൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുമായി സഹകരിച്ച് ജോണ്‍സണ്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഞായറാഴ്ചകളില്‍ പത്രവിതരണം കഴിഞ്ഞാണ് സേവനപ്രവര്‍ത്തനങ്ങള്‍. രോഗികളെയും കാണും. 13 വര്‍ഷമായി മാതൃഭൂമി ഏജന്റാണ്.

Exit mobile version