‘പറ്റുന്നില്ല’, ജനൽ തുറക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; വിവാഹമുറപ്പിച്ചിട്ട് ഒരു മാസം മാത്രം; അഹിലിനെയും കവർന്ന് തീപിടുത്തം

തിരുവനന്തപുരം: ഒരു കുടുംബത്തിലെ അഞ്ചുപേർ പൊള്ളലേറ്റും പുകശ്വസിച്ച് പിടഞ്ഞും മരിച്ച വർക്കലയിലെ വീട് ദുരന്തത്തിന്റെ സാക്ഷിയായി നിലകൊള്ളുന്നത് കണ്ട് നാട്ടുകാർക്കും ഉറ്റവർക്കും നെഞ്ചുപിടഞ്ഞു. തലേന്ന് വൈകീട്ടും സംസാരിച്ച് പിരിഞ്ഞ അയൽക്കാർക്കുണ്ടായ ദാരുണമരണത്തിന്റഎ ഞെട്ടലിൽ നിന്നും ആരും മുക്തരായിട്ടില്ല.

പ്രതാപന്റെ സഹോദരീപുത്രി ബിന്ദുവിന്റെ വീടാണ് ഈ വീടിനോടു ചേർന്നുള്ളത്. ബഹളം കേട്ട് ഉണർന്ന ബിന്ദുവും ഇവിടേക്കു പാഞ്ഞെത്തി. മുകളിലേക്ക് പുറത്തുനിന്നുള്ള പടി കയറി മറ്റുള്ളവരെ ഉണർത്താൻ ശ്രമിച്ചത് ഇവരാണ്. ജനലിൽ തട്ടി വിളിക്കുന്നതിനിടെ അവശനായ അഹിൽ ജനൽ തുറക്കാൻ ശ്രമിച്ചതായി ബിന്ദു പറയുന്നു.

‘പറ്റുന്നില്ല…’ എന്ന നിസ്സഹായത നിറഞ്ഞ അഹിലിന്റെ അവസാന ശബ്ദം ഇപ്പോഴും ബിന്ദുവിന്റെ കാതുകളിലുണ്ട്. കഴിഞ്ഞ മാസമായിരുന്നു അഹിലിന്റെ വിവാഹം ഉറപ്പിച്ചത്. നാട്ടുകാരെയും ബന്ധുക്കളെയുമൊക്കെ ക്ഷണിച്ച് ഈ കല്യാണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രതാപനും കുടുംബവും. അതിനിടെയാണ് മരണം ഈ 29-കാരനെയും കവർന്നത്.

പുലർച്ചെ ഒന്നരയോടെ ഈ വീടിനു തീപിടിക്കുന്നതു കണ്ട എതിർവീട്ടിലെ ശശാങ്കനാണ് നിലവിളിച്ച് മറ്റ് അയൽവാസികളെ ഉണർത്തിയത്. കാർപോർച്ചിലുണ്ടായിരുന്ന രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടറും കത്തിയമരുന്നതാണ് ആദ്യം കണ്ടത്. പിന്നീട് പോർച്ചിലെ ചുവരുകൾ ചൂടിൽ പൊട്ടിപ്പൊളിഞ്ഞു. കാർപോർച്ച് മാത്രമല്ല, വീടിനുള്ളിലും തീ ആളിക്കത്തുകയാണെന്നറിഞ്ഞതോടെ നാട്ടുകാർ ബക്കറ്റിലും മറ്റും വെള്ളവുമായെത്തി തീ കെടുത്താൻ ശ്രമിച്ചു. ഇതിനിടെ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു.

ALSO READ- സിനിമാനടനായി ജ്വലിച്ചു; സൈന്യത്തിൽ ചേർന്ന് പോരാടി; ഒടുവിൽ റഷ്യൻ ആക്രമണത്തിൽ ഉക്രൈൻ പോരാളിക്ക് വീരമൃത്യു

പ്രതാപനും ഭാര്യ ഷെർലിയും താഴത്തെ നിലയിലും മക്കൾ മുകൾനിലയിലുമാണ് ഉറങ്ങിക്കിടന്നത്. ഉള്ളിൽ ഒരു കുടുംബമാകെ മരണത്തോടു മല്ലിടുമ്പോൾ അയൽവാസികൾ വാതിൽ പൊളിക്കാനും തീ കെടുത്താനും ശ്രമിച്ചുകൊണ്ടിരുന്നു. കല്ലെറിഞ്ഞ് ജനാലച്ചില്ലുകൾ പൊട്ടിച്ചപ്പോൾ കറുത്ത പുക പുറത്തേക്കു വമിച്ചു. അൽപ്പസമയംകൊണ്ട് പരിസരമാകെ പുകയിൽ മുങ്ങി. വീട്ടിലെ അഞ്ചംഗങ്ങളും പുകശ്വസിച്ചാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലുള്ള നിഹുൽ ശരീരമാസകലം പൊള്ളിയ നിലയിലുമാണ്.

Exit mobile version