ബാഗ് മണത്തറിഞ്ഞ് ഡോണ്‍, പരേഷിനെ പൊക്കി ചേതക്: ട്രെയിനില്‍ കഞ്ചാവുമായെത്തിയവരെ പിടികൂടി പോലീസ് നായകള്‍, കൈയ്യടി

കോട്ടയം: ബാഗിലൊളിപ്പിച്ച് കഞ്ചാവുമായി എത്തിയ അതിഥിത്തൊഴിലാളിയെ കൃത്യമായി പിടികൂടി താരമായി പോലീസ് നായകള്‍. കഞ്ചാവ് ബാഗിലുണ്ടെന്ന് മണത്തറിഞ്ഞ് ഡോണും ഉടമ പരേഷിനെയും കണ്ടെത്തിയാണ് ചേതകും കൈയ്യടി നേടുന്നത്.

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ഡോണ്‍. കഞ്ചാവ് കണ്ടെത്തുന്ന സ്‌നിഫര്‍ വിഭാഗത്തില്‍ പെട്ടതാണ് ഡോണ്‍. കൂട്ടിയിട്ടിരുന്ന ബാഗുകളില്‍ നിന്നു കഞ്ചാവ് ഒളിപ്പിച്ച ബാഗ് ഡോണ്‍ കണ്ടെത്തി. ട്രെയിനിലെത്തിയ സംഘത്തിന്റെ പക്കല്‍ കഞ്ചാവുണ്ടെന്നും കഞ്ചാവ് ഏതു ബാഗിലാണെന്നും ബാഗ് ആരുടേതാണെന്നും കണ്ടെത്തിയ ചേതക്കും ഡോണും ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളാണ്.

ബാഗ് കണ്ടെത്തിയിട്ടും ഉടമയെ തിരിച്ചറിയാന്‍ കഴിയാതെ നിന്ന പോലീസിനു പ്രതിയാരെന്നു കൃത്യമായി കാട്ടിക്കൊടുത്തത് ചേതക്കാണ്. ബല്‍ജിയം മെലിനോയിസ് ഇനത്തില്‍പെട്ട ട്രാക്കര്‍ നായയാണ് ചേതക്ക്.

കഴിഞ്ഞ ദിവസം കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു തിരച്ചില്‍. ഷാലിമാര്‍ എക്‌സ്പ്രസില്‍ എത്തിയ ഒഡീഷ സന്തോഷ്പുര സ്വദേശി പരേഷ് നായിക്കിന്റെ (29) ബാഗിലൊളിപ്പിച്ച 4 കിലോ കഞ്ചാവാണു പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാരംഭിച്ച സംഘവും നര്‍കോട്ടിക്‌സ് ടീമും ചേര്‍ന്നാണ് എട്ടു പേരെ പിടികൂടിയത്. എന്നാല്‍ ഇവരിലാരുടേതാണ് ബാഗെന്ന് കണ്ടെത്താനായില്ല.

ബാഗിലെ തുണിക്കഷണത്തില്‍ നിന്നും മണം പിടിച്ചാണു ചേതക് ബാഗിന്റെ ഉടമ പരേഷാണെന്നു കണ്ടെത്തിയത്. കൊലപാതകവും മറ്റും നടക്കുമ്പോള്‍ മണം പിടിച്ച് തെളിവു ശേഖരിക്കുന്ന നായയാണ് ചേതക്. നര്‍കോട്ടിക്‌സ് ഡിവൈഎസ്പി എം.എം.ജോസ്, കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍, ഈസ്റ്റ് എസ്എച്ച്ഒ ഒ.യു.ശ്രീജിത്ത്, എസ്‌ഐ എം.എച്ച്.അനുരാജ് എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.

Exit mobile version