പുല്ലു ചെത്തുന്നതിനിടെ സ്വര്‍ണ മോതിരം നഷ്ടപ്പെട്ടു: കുഴല്‍ക്കിണര്‍ യോഗത്തില്‍ തിരിച്ചുകിട്ടി

കോട്ടയം: ആടിന് പുല്ല് ചെത്തുന്നതിനിടെ നഷ്ടപ്പെട്ട സ്വര്‍ണ മോതിരം കുഴല്‍ക്കിണര്‍ നിര്‍മ്മാണ ആലോചന യോഗത്തിലൂടെ ഉടമസ്ഥന് തിരികെ ലഭിച്ചു. നെടുങ്കണ്ടം ഓട്ടോ ഡ്രൈവറായ പ്രദീപിന്റെ 7 ഗ്രാം തൂക്കം വരുന്ന മോതിരമാണ് നഷ്ടമായത്. പറമ്പ് മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ കമ്പംമെട്ട് ഡിവിഷന്‍ അംഗം ശ്രീദേവി എസ് ലാല്‍ ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ അനുവദിച്ച കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത് സംബന്ധിച്ചുള്ള യോഗത്തിലാണ് പ്രദീപിന്റെ മോതിരവും തിരിച്ചുകിട്ടിയത്.

വെള്ളിയാഴ്ച പ്രകാശ് ഗ്രാം ബ്ലോക്ക് നമ്പര്‍ 1186 പി. മോഹനന്‍പിള്ളയുടെ വീട്ടിലായിരുന്നു യോഗം ചേര്‍ന്നത്. ഇതില്‍ പങ്കെടുക്കാന്‍ ശ്രീദേവി നടന്നു വന്നപ്പോഴാണ് മണ്ണില്‍ തറഞ്ഞ നിലയില്‍ ചെറിയ തിളക്കമുള്ള വസ്തു ശ്രദ്ധിച്ചത്. എടുത്ത് നോക്കിയപ്പോള്‍ മോതിരമാണെന്ന് മനസ്സിലായി.

കമ്മിറ്റിയില്‍ പങ്കെടുത്ത ആളുകളോട് ഉടന്‍ വിവരം പറഞ്ഞു. 2 ദിവസം മുന്‍പ് ആടിന് പുല്ലു ചെത്താന്‍ എത്തിയ പ്രദീപിന്റെ മോതിരം നഷ്ടപ്പെട്ട കാര്യം അപ്പോഴാണ് വീട്ടുകാര്‍ പറഞ്ഞത്. ഉടന്‍ തന്നെ പ്രദീപിനെ വിളിച്ച് വരുത്തി മോതിരം കൈമാറി.

സ്വര്‍ണ മോതിരം തിരികെ ലഭിക്കാന്‍ വേദിയായ കുഴല്‍ക്കിണര്‍ നിര്‍മാണ ആലോചന കമ്മിറ്റിയില്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും തീരുമാനമായി.

Exit mobile version