കെപിഎസി ലളിത ഇനി അനശ്വര: ഔദ്യോഗിക ബഹുമതികളോടെ ‘ഓര്‍മ’യില്‍ അന്ത്യവിശ്രമം

തൃശ്ശൂര്‍: അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് വിട ചൊല്ലി മലയാളം. വൈകീട്ട് ആറ് മണിയോടെ തൃശ്ശൂര്‍ വടക്കാഞ്ചേരിക്ക് അടുത്ത് എങ്കക്കാട് ഗ്രാമത്തിലെ ഓര്‍മ വീട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അനശ്വര നടിയുടെ സംസ്‌കാര ചടങ്ങുകള്‍. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതയ്ക്ക് തീ പകര്‍ന്നു. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേkഷമായിരുന്നു സംസ്‌കാരം.

ലളിതയുടെ ഭര്‍ത്താവും സംവിധായകനുമായ ഭരതന്റെ പാലിശ്ശേരി തറവാട്ടിലേക്ക് വൈകിട്ട് 3.30-ഓടെയാണ് മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് അരമണിക്കൂറോളം മൃതദേഹം പൊതുദര്‍ശനത്തിനായി ഇവിടെ വച്ചു.

വന്‍ ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. മണിയന്‍പിള്ള രാജു, അലന്‍സിയര്‍, ടിനി ടോം, ഇടവേള ബാബു, കവിയൂര്‍ പൊന്നമ്മ, സംവിധായകന്‍ ജയരാജ് തുടങ്ങി സിനിമയിലെ നിരവധി സഹപ്രവര്‍ത്തകരും നാടകത്തിലെ സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണ്‍ ആയിരിക്കെയായിരുന്നു മരണം.

ജന്മം കൊണ്ട് കായകുളം സ്വദേശിയാണെങ്കിലും ഭരതനുമായുള്ള വിവാഹത്തിന് ശേഷം എങ്കക്കാടുമായി ലളിത ആത്മബന്ധം പുലര്‍ത്തിയിരുന്നു. 1998-ല്‍ സംവിധായകന്‍ ഭരതന്‍ മരിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ ലളിത പുതിയ വീട് വച്ചത്.

2004-ല്‍ ആണ് ഈ ഓര്‍മ എന്ന് പേരിട്ട ഈ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. 2004 മുതല്‍ ഈ വീട്ടിലാണ് ലളിത താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് ഷൂട്ടിംഗിനും മറ്റും പോയത്. നാട്ടിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ സാംസ്‌കാരിക – കലാപരിപാടികളിലും അവര്‍ സജീവമായി പങ്കെടുത്തിരുന്നു.

ഒടുവില്‍ അവരുടെ ആഗ്രഹപ്രകാരം തന്നെ പാലിശ്ശേരി തറവാടിനും ഓര്‍മയെന്ന വീടിനും അരികിലായും ഭരതന്റെ ശവകുടീരത്തിന് രണ്ടടി അകലെയായും ലളിതയ്ക്ക് നിത്യനിദ്രയൊരുങ്ങി.

Exit mobile version