കുഞ്ഞുട്ടനെ കാണാനില്ല, കണ്ടെത്തി തരുന്നവര്‍ക്ക് 5000 രൂപ സമ്മാനം; വളര്‍ത്തുപൂച്ചയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് എറണാകുളം സ്വദേശി

കൊച്ചി: വീട്ടില്‍ ഓമനിച്ചുവളര്‍ത്തുന്ന അരുമകളും കുടുംബാംഗങ്ങള്‍ തന്നെയാണ്. അവരുടെ വിയോഗവും അവര്‍ക്ക് തീരാദുഖമാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ചോട്ടു എന്ന നായയെ കാണാതായത് വാര്‍ത്തയായത്. ചോട്ടുവിന്റെ വിയോഗം നാടിനെ ഒന്നടങ്കം വിയോഗത്തിലാക്കിയിരിക്കുകയാണ്.

അതേസമയം, തന്റെ പ്രിയപ്പെട്ട പൂച്ചയെ കുഞ്ഞുകുട്ടനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് എറണാകുളം സ്വദേശിയായ ഡെയ്‌സി ജോസഫ്. ഒന്നരവര്‍ഷമായി കൂടെ ഉണ്ടായിരുന്ന പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട് ഡെയ്‌സി.

ഡെയ്‌സിയുടെ വളര്‍ത്തുപൂച്ചയായ കുഞ്ഞുകുട്ടനെ ഒരാഴ്ച മുമ്പാണ് കാണാതായത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൂച്ചയെ കണ്ടെത്താനാകാതെ വന്നതോടെ പ്രദേശത്ത് ഇവര്‍ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുകയാണ്.

എറണാകുളം കാക്കനാട് സ്വദേശിനിയാണ് ഡെയ്‌സി. ഡെയ്‌സിക്ക് സഹോദരി സമ്മാനിച്ചതാണ് കുഞ്ഞുകുട്ടനെ. ഒന്നരവര്‍ഷമായി കുഞ്ഞുട്ടനും ഡെയ്‌സിയ്‌ക്കൊപ്പം കൂടിയിട്ട്. കാക്കനാട് ഫ്‌ലാറ്റിലാണ് താമസം.

എന്നാല്‍ ജനുവരി 25ന് ഡെയ്‌സ് ചികില്‍സയ്ക്കായി കാഞ്ഞിരപ്പള്ളിയിലെ ആയുര്‍വേദ ആശുപത്രിയില്‍ പോയിരുന്നു. കൂടെ കുഞ്ഞുകുട്ടനും. അവിടെവെച്ച് 26ന് രാത്രി പൂച്ചയെ കാണാതായി. അടുത്തയിടങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും പൂച്ചയെ കണ്ടെത്തിയില്ല. തുടര്‍ന്ന് കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു. സ്വര്‍ണനിറത്തില്‍ വെള്ളവരകളുള്ള പൂച്ചയെയാണ് കാണാതായത്.

Exit mobile version