‘ഞാന്‍ സുരേഷ്, വാവ സുരേഷ്’! ഓര്‍മ്മയും സംസാരശേഷിയും വീണ്ടെടുത്ത് വാവ സുരേഷ്, ആശ്വാസത്തോടെ കേരളം

കോട്ടയം: പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിനെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അറിയിച്ചു.

‘ഞാന്‍ സുരേഷ്, വാവ സുരേഷ്’- മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാര്‍ പേര് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞു. വാവ സുരേഷ് ഓര്‍മ്മ ശക്തിയും സംസാരശേഷിയും പൂര്‍ണമായും വീണ്ടെടുത്തു എന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

തലച്ചോറിന്റെ പ്രവര്‍ത്തനം നിലവില്‍ സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാധാരണഗതിയില്‍ ശ്വാസം എടുക്കുന്നുണ്ട്. ഇന്നുമുതല്‍ ലഘുഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങി. അവയവങ്ങള്‍ കൂടുതല്‍ ചലനശേഷി കൈവരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കും.

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന വാവയെ ഇന്നലെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിരുന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെ സുരേഷ് അല്‍പം നടക്കുകയും ചെയ്തു. ഇന്ന് സുരേഷിനെ ഐസിയുവില്‍നിന്നു തൊട്ടടുത്ത മുറിയിലേക്ക് മാറ്റി. ആഹാരം നല്‍കിത്തുടങ്ങി. ഓര്‍മ്മശക്തിയും സംസാരശേഷിയും പൂര്‍ണ്ണമായും വീണ്ടെടുത്തു. ആന്റിബയോട്ടിക് ഉള്‍പ്പെടെയുളള മരുന്നുകള്‍ ഇപ്പോഴും നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയതിന്റെ ആശ്വാസത്തിലാണ് കേരളമാകെ.

Exit mobile version