വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി: രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയില്‍; സൗജന്യ ചികിത്സയെന്ന് മന്ത്രി, പ്രാര്‍ഥനയോടെ കേരളം

തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യനിലയെ കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ആശുപത്രിയില്‍ നിന്ന് മന്ത്രി വിഎന്‍ വാസവന്‍ നല്‍കുന്ന വിവരം.

വാവ സുരേഷിനെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ആന്റി വെനം നല്‍കിയിരുന്നു.
രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിട്ടുണ്ട്. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സാധാരണ നിലയിലായിട്ടില്ല. ഇത് സാധാരണ നിലയില്‍ ആയാല്‍ മാത്രമേ കൂടുതല്‍ മരുന്നുകള്‍ നല്‍കാനാകൂ.

Read Also: വിവാഹനിശ്ചയത്തിന് വസ്ത്രമെടുത്തപ്പോള്‍ ബലേനോ കാര്‍ സമ്മാനമടിച്ചു; അയല്‍വാസിയുമായി പങ്കിട്ട് അഞ്ജുവിന്റെ നന്മ

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.

വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇത് ആദ്യമായല്ല വാവ സുരേഷിന് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ വാവ സുരേഷിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇതു വരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തിയേറിയ പാമ്പുകടിയാണ് ഇപ്പോള്‍ ഏറ്റത്. ഒരു ഡസന്‍ മനുഷ്യരെ കൊല്ലാനുള്ള വിഷം ഉള്ളിലെത്തിയിട്ടുണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. വാവാ സുരേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനയിലാണ് കേരളക്കര.

Exit mobile version