വയനാട്ടിൽ ഗർഭസ്ഥശിശുവും മാതാവും മരിച്ച സംഭവം കൊലപാതകം; ജ്യൂസിൽ വിഷം നൽകി കുടുംബസുഹൃത്ത് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു

മാനന്തവാടി: വയനാട് എടവക പഞ്ചായത്തിലെ മൂളിത്തോടിൽ ഗർഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെ മകൾ റിനിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ജ്യൂസിൽ വിഷം കലർത്തി നൽകിയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധനയിൽ കുട്ടിയുടെ പിതൃത്വം റിമാൻഡിൽ കഴിയുന്ന പ്രതിയും റിനിയുടെ കുടുംബ സുഹൃത്തുമായ റഹീമിന്റേതെന്നും വ്യക്തമായി. മാനസികമായി വെല്ലുവിളി നേരിട്ടിരുന്നയാളാണ് റിനി.

also read-ചിൽഡ്രൻസ് ഹോമിൽ നിന്നും ഒളിച്ചോടിയ മകളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്ത്; വിട്ടുതരില്ലെന്ന് ചിൽഡ്രൻസ് ഹോം

ശാസ്ത്രീയ പരിശോധനയിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇതോടെ കൊലപാതക കുറ്റത്തിന് പുറമേ ഭ്രൂണഹത്യക്കുകൂടി റഹീമിനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, പ്രതി മൂളിത്തോടുകാരനായ പുതുപറമ്പിൽ റഹീമിനെ (53) മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2021 നവംബർ 18നാണ് ശക്തമായ പനിയും ഛർദിയുമായി റിനിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പിറ്റേ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആദ്യം ഗർഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപ്പെട്ടു. അന്നുതന്നെ നാട്ടുകാർ മരണത്തിൽ ദുരൂഹത ഉന്നയിച്ചിരുന്നു. വിവാഹമോചന കേസിൽ നിയമനടപടി സ്വീകരിച്ചുവന്നിരുന്ന റിനി അഞ്ചു മാസം ഗർഭിണിയുമായിരുന്നു.

also read-പെണ്ണുകാണാൻ വന്നവർ മുറിയടച്ച് മണിക്കൂർ നീണ്ട ഇന്റർവ്യൂ നടത്തി; നാദാപുരത്തെ ഡിഗ്രി വിദ്യാർത്ഥിനി അവശയായി ആശുപത്രിയിൽ; യുവാവിന്റെ വീട്ടുകാരെ ബന്ദിയാക്കി കുടുംബം

വിവാഹമോചന കേസിന്റെയും മറ്റും കാര്യങ്ങൾക്കായി റിനിയുടെ കുടുംബവുമായി നിരന്തരബന്ധം പുലർത്തിയിരുന്ന ഓട്ടോ ഡ്രൈവർ റഹീമിന്റെ പേര് അന്നുതന്നെ ഉയർന്നിരുന്നു. ഗർഭിണിയാണെന്നറിഞ്ഞതോടെ ജ്യൂസിൽ വിഷം കലർത്തി റിനിക്ക് നൽകുകയായിരുന്നുവെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു.

മരണത്തിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി മുന്നോട്ടു വരുകയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മാനന്തവാടി പോലീസ് അന്ന് നവജാത ശിശുവിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു.

Exit mobile version