കാക്കനാട്: അതിവേഗത്തിൽ പായുമ്പോൾ ക്യാമറകളിൽ പെടാതിരിക്കാൻ നമ്പർപ്ലേറ്റ് പൊട്ടിച്ചുമാറ്റിയ ഫ്രീക്കനെ ന്യൂജെൻ സ്റ്റൈലിൽ പിടികൂടി മോട്ടോർവാഹന വകുപ്പ്. കഴിഞ്ഞദിവസം കൊച്ചി-ആലുവ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് നമ്പർപ്ലേറ്റ് ഇല്ലാത്ത സൂപ്പർബൈക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടത്.
അമിതവേഗത്തിൽ പാഞ്ഞുവരുന്ന ബൈക്കിന് കൈകാണിച്ചാൽ നിർത്തില്ലെന്ന് മനസ്സിലായതോടെ ബൈക്കിന്റെ ചിത്രം മുഴുവനായി പകർത്തി. പിന്നീട് വിശദമായി ഫോട്ടോ പരിശോധിച്ചതോടെ ബൈക്കിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം ഐഡി കണ്ടു. ഇതു കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹന ഉടമയായ യുവാവിനെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് വലയിലാക്കിയത്.
സൂപ്പർബൈക്കുകളിലെ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ പൊട്ടിച്ചുമാറ്റി ഫ്രീക്കന്മാർ നാട്ടിലാകെ പരക്കംപായുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് എറണാകുളം എൻഫോഴ്‌സ്മെന്റ് ആർടിഒ ജി അനന്തകൃഷ്ണൻ പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡിന് രൂപംനൽകുകയായിരുന്നു.
അതേസമയം, നമ്പർ പ്ലേറ്റ് ഊരി മാറ്റാനാകാത്ത വിധത്തിൽ ഘടിപ്പിക്കുന്നതിനാൽ തന്നെ ഇവ പൊട്ടിച്ചെടുത്താണ് പലരുടേയും അഭ്യാസപ്രകടനം. 2019 ഏപ്രിലിന് ശേഷം നിർമിച്ച വാഹനങ്ങൾക്ക് അഴിച്ചുമാറ്റാൻ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതീവസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇവ സ്‌ക്രൂവിന് പകരം റിവെറ്റ് ചെയ്താണ് പിടിപ്പിക്കുന്നത്.
എന്നാൽ, നിരവധിപേരാണ് ഈ നമ്പർപ്ലേറ്റുകൾ പൊട്ടിച്ചെടുത്ത് നമ്പരില്ലാതെ ഓടിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. അതീവസുരക്ഷാ നമ്പർപ്ലേറ്റുകൾ അനുവദിച്ചിട്ടും അവ ഘടിപ്പിക്കാതെ മറ്റു നമ്പർപ്ലേറ്റുകൾ പിടിപ്പിക്കുന്നത് നമ്പർപ്ലേറ്റ് ഇല്ലാത്തതിനു തുല്യമായി കണക്കാക്കി കർശന നടപടി സ്വീകരിക്കുമെന്നും എൻഫോഴ്‌സ്മെന്റ് ആർടിഒ വ്യക്തമാക്കി.
നമ്പർപ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാൽ നേരിട്ട് കോടതിയിലേക്ക് കൈമാറും. കഴിഞ്ഞദിവസം പിടികൂടിയ ബൈക്ക് കോടതിക്ക് വിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബൈക്ക് ആലുവ പോലീസിന് കൈമാറി. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കുശേഷമേ വാഹനം വിട്ടുകിട്ടൂ.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പിഎസ്. ജയരാജ്, അസി വെഹിക്കിൾ ഇൻസ്‌പെക്ടർ നിഷാന്ത് ചന്ദ്രൻ, ഡ്രൈവർ ജിലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.