രോഗികളെ ‘വിഡ്ഢികളാക്കി’ സര്‍ക്കാര്‍ ഡോക്ടര്‍മാരും സ്വകാര്യ സ്ഥാപനങ്ങളും തമ്മില്‍ ‘ഒത്തുകളി’

എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ എച്ച്എല്‍എല്ലില്‍ നിന്നോ മാത്രം ഇവ വാങ്ങണമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അതൊന്നും കൂട്ടാക്കാതെയാണ് ഇവരുടെ ഒത്തുകളി.

തിരുവനന്തപുരം; സര്‍ക്കാര്‍ ഡോക്ടര്‍മാരും സ്വകാര്യ സ്ഥാപനങ്ങളും തമ്മില്‍ ഒത്തുകളിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍. മരുന്നുകളും ഇംപ്ലാന്റുകളും വാങ്ങാന്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് രോഗികളെ നിര്‍ദ്ദേശിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി.

എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ എച്ച്എല്‍എല്ലില്‍ നിന്നോ മാത്രം ഇവ വാങ്ങണമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അതൊന്നും കൂട്ടാക്കാതെയാണ് ഇവരുടെ ഒത്തുകളി.

ഇത്തരം സ്വകാര്യ സ്ഥാപനങ്ങളുമായുള്ള ഒത്തുകളിയിലൂടെ ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്നുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം. എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും അന്വേഷണം നടന്നു.

ഇംപ്ലാന്റുകളടക്കം വില്‍ക്കുന്നതിന് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളിലെ സൗകര്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നില്ല.

പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയിലാണ് എച്ച്എല്‍എല്‍ ഇംപ്ലാന്റുകളടക്കം വില്‍ക്കുന്നത്. എന്നാല്‍ അത്യാഹിത വിഭാഗത്തിലെത്തുന്നവരെ അടക്കം ഇംപ്ലാന്റുകള്‍ വാങ്ങാനും മരുന്നുകള്‍ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പറഞ്ഞുവിടുകയാണ് പതിവ്. ഇങ്ങനെ രോഗികളെ അയക്കുന്ന ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ കൃത്യമായി വിഹിതം നല്‍കാറുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

Exit mobile version