തൃശൂരില്‍ കോളേജ് വിദ്യാര്‍ഥിക്ക് നേരെ സദാചാര ഗുണ്ടായിസം: പെണ്‍കുട്ടി ബൈക്കില്‍ നിന്ന് വീണു; നാട്ടുകാരും വിദ്യാര്‍ഥിയും തമ്മില്‍ തല്ല്

തൃശൂര്‍: തൃശൂരില്‍ കോളേജ് വിദ്യാര്‍ഥിക്ക് നേരെ സദാചാര ഗുണ്ടായിസം. വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിനെച്ചൊല്ലി നാട്ടുകാരും കോളേജ് വിദ്യാര്‍ഥിയും തമ്മില്‍ സംഘര്‍ഷം. തൃശ്ശൂര്‍ ചിയ്യാരത്താണ് കോളേജ് വിദ്യാര്‍ഥിയും നാട്ടുകാരും തമ്മിലടിച്ചത്.

ബിരുദ വിദ്യാര്‍ഥിയായ അമലും സഹപാഠിയായ പെണ്‍കുട്ടിയും ബൈക്കില്‍ വരുന്നതിനിടെ പെണ്‍കുട്ടി ബൈക്കില്‍ നിന്ന് വീണു. ഇത് കണ്ടെത്തിയ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. അമല്‍ നാട്ടുകാരിലൊരാളെ മര്‍ദിക്കുകയും പിന്നാലെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് അമലിനെ മര്‍ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊടകര സ്വദേശിയായ ഡേവിസിനാണ് അമലില്‍ നിന്ന് മര്‍ദനമേറ്റത്. പിന്നീട് അമലിനെ നാട്ടുകാര്‍ മര്‍ദിച്ചപ്പോള്‍ ഡേവിസ് കല്ല് കൊണ്ട് വിദ്യാര്‍ഥിയുടെ തലയ്ക്കടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. അമലും സഹപാഠിയും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സഹപാഠി ബൈക്കില്‍ നിന്ന് വീണു. പരിക്കേറ്റ പെണ്‍കുട്ടിയെ സഹായിക്കാതെ പ്രദേശത്തുണ്ടായിരുന്ന ചിലര്‍ അമലിനെ മര്‍ദിക്കുകയായിരുന്നു. അമല്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലും പെണ്‍കുട്ടിയുമായി ബൈക്കില്‍ പോയതുമെല്ലാം പറഞ്ഞായിരുന്നു മര്‍ദനം.

ബൈക്കില്‍ നിന്ന് വീണ പെണ്‍കുട്ടിയെ സഹായിക്കാതെ നാട്ടുകാരില്‍ ചിലര്‍ പാഞ്ഞടുക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് അമല്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി ആളുകള്‍ ചേര്‍ന്ന് അമലിനെ നിലത്തേക്ക് തള്ളി ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

മര്‍ദിച്ചവരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഒല്ലൂര്‍ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. അമലിനെ മര്‍ദിച്ചവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമല്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

നിങ്ങള്‍ക്ക് തോന്നിയതുപോലെ സമൂഹത്തില്‍ നടക്കാനാകില്ലെന്ന് ആക്രോശിച്ചാണ് അക്രമി സംഘം മര്‍ദിച്ചതെന്ന് അമല്‍ പറയുന്നു. താന്‍ ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതിലും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും ഇവരെന്തിന് ഇടപെടണമെന്ന് മര്‍ദനത്തിനുശേഷം അമല്‍ ചോദിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോളേജിലെ അധ്യാപികയോട് നാട്ടുകാര്‍ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ബൈക്കില്‍ നിന്ന് വീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നാട്ടുകാര്‍ ആദ്യം സമ്മതിച്ചില്ലെന്നാണ് അമലിന്റെ ആരോപണം. ഇതറിഞ്ഞാണ് അധ്യാപകര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ അധ്യാപകരോടും നാട്ടുകാര്‍ തട്ടിക്കയറുകയാണുണ്ടായതെന്നും പറയുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെയും അമലിനെയും പിന്നീട് ആശുപത്രിയില്‍ എത്തിച്ചു. അമലിന്റെ തലയില്‍ അഞ്ച് തുന്നലുണ്ട്. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

Exit mobile version