പെണ്‍കുട്ടികള്‍ ആല്‍ത്തറയില്‍ ഇരിക്കരുതെന്ന് ബോര്‍ഡ്; ഇടപെട്ട് ചെറുപ്പക്കാര്‍, ബോര്‍ഡിന് താഴെ കൂട്ടത്തോടെ ഇരുന്ന് മറുപടി, മാസ് എന്ന് സോഷ്യല്‍മീഡിയ

കൊല്ലം: പെൺകുട്ടികൾ ആൽത്തറയിൽ ഇരിക്കരുതെന്ന ബോർഡ് വെച്ച സദാചാരവാദികൾക്ക് മറുപടിയുമായി ഒരു കൂട്ടം ചെറുപ്പക്കാർ. ശാസ്താംകോട്ട കോളേജ് റോഡിൽ ജീവൻ സ്റ്റുഡിയോയുടെ സമീപത്തുള്ള ആൽത്തറയിലാണ് പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തി ബോർഡ് വെച്ചത്. ‘പെൺകുട്ടികൾ ആൽത്തറയിൽ ഇരിക്കരുത്’ എന്ന ബോർഡിന് താഴെ ചെറുപ്പക്കാരായ യുവാക്കളും യുവതികളും ഒരുമിച്ച് ഇരുന്ന് കൊണ്ടാണ് സദാചാര ചിന്തകൾക്ക് മറുപടി നൽകിയത്.

ബോർഡിന് കീഴെ മൂന്ന് യുവതികളും മൂന്ന് യുവാക്കളും ഒരു കുട്ടിയും ഇരിക്കുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പെൺകുട്ടികളെ വിലക്കുന്ന ബോർഡ് കീറി എറിഞ്ഞെന്നും ‘എല്ലാവർക്കും ഇരിക്കാം’ എന്ന് പുതിയ ബോർഡ് തൂക്കിയെന്നും ശാസ്താംകോട്ട സ്വദേശിയായ അഖിൽ രാജ് എസ് സാഹിതി ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണ രൂപം;

‘ഇവിടെ പെൺകുട്ടികൾ ഇരിക്കരുത്’ എന്നൊരു ബോർഡ് ശാസ്താംകോട്ടയിൽ പ്രത്യക്ഷപ്പെട്ടിട്ട് കുറച്ചു ദിവസങ്ങളായി. ഇങ്ങനെ ഉള്ള തിട്ടൂരങ്ങൾ ശാസ്താംകോട്ടയിൽ അനുവദിച്ചു തരില്ല, ആൽത്തറ ആ ബോർഡ് വെച്ച ടീമിന്റെ തന്തയുടെ വകയൊന്നുമല്ല, ഇവിടെ ആണും ഇരിക്കും പെണ്ണും ഇരിക്കും. ബോർഡ് വെച്ചവർക്ക് കാര്യം മനസ്സിലായെന്ന് വിശ്വസിക്കുന്നു.’

Exit mobile version