ഒപ്പം നിന്നവര്‍ക്ക് നന്ദി! ‘ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയില്‍ നടപ്പായി’; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പാട്ടുകുര്‍ബാന അര്‍പ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ സെന്ററിലെത്തിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പാട്ടുകുര്‍ബാന അര്‍പ്പിച്ചത്. പ്രാര്‍ഥനയ്ക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടെന്നും സത്യത്തെ സ്നേഹിക്കുന്നവര്‍ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയില്‍ നടപ്പായി. അതില്‍ ഏറെ സന്തോഷമുണ്ട്, വിശ്വാസികള്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദിയെന്നും ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചു.

ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

Read Also: സ്റ്റെതസ്‌കോപ്പും വെള്ള കോട്ടും ധരിച്ച് ‘ഡോക്ടറായി’; രോഗികളെ പരിശോധിക്കാനൊരുങ്ങവേ വ്യാജ ഡോക്ടറെ കൈയ്യോടെ പൊക്കി ജീവനക്കാര്‍

വിധി കേള്‍ക്കാനായി വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് കോടതി മുറിയിലെത്തിയിരുന്നു. 105 ദിവസത്തെ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ കേസില്‍ വിധി
പ്രസ്താവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പമാണ് കോടതിയില്‍ എത്തിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.

ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്. ഈ കേസുകളിലെല്ലാം കോടതി ബിഷപ്പിനെ കുറ്റവിമുക്തമാക്കി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം നല്‍കിയവര്‍ക്കും നന്ദി അറിയിക്കുന്നതായും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ അറിയിച്ചു.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതല്‍ 2016 വരെയുടെ കാലയളവില്‍ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തില്‍വെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.

Exit mobile version