യൂസഫലിയുടെ കാരുണ്യം: ഹംസയുടെ സ്വപ്നം സഫലമാകും; തുരുമ്പെടുത്ത ഓട്ടോറിക്ഷ ഇനി ഓടിക്കേണ്ട

ഒതുക്കുങ്ങല്‍: തുരുമ്പെടുത്ത ഓട്ടോറിക്ഷ മാറ്റി, സ്വപ്‌നം കണ്ട പുതിയ ഓട്ടോറിക്ഷ തന്നെ ഹംസയ്ക്ക് ഇനി ഓടിക്കാം. എംഎ യൂസഫലിയാണ് ഹംസയുടെ സ്വപ്‌നം സഫലമാക്കുന്നത്.

തുരുമ്പെടുത്ത ഓട്ടോറിക്ഷ മാറ്റി പുതിയതു വാങ്ങണമെന്ന ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ പന്തപ്പിലാന്‍ ഹംസയുടെ സ്വപ്നമാണ് എംഎ യൂസഫലിയുടെ സഹായത്താല്‍ യാഥാര്‍ഥ്യമാവുന്നത്.

കോട്ടയ്ക്കലിലെ സ്വകാര്യ ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സയിലുള്ള പാണക്കാട് ഹൈദരലി തങ്ങളെ സന്ദര്‍ശിക്കാനായി കഴിഞ്ഞദിവസം എംഎ യൂസഫലി എത്തിയപ്പോഴാണ് ഹംസയ്ക്കും യൂസഫലിയുടെ കാരുണ്യം തേടിയെത്തിയത്.

വിരുന്നുകാര്‍ക്കു നല്‍കാനുള്ള ഇളനീരുമായി സ്ഥാപനത്തിലേക്കു വന്നതായിരുന്നു ഹംസ. യൂസഫലിയാണു വന്നതെന്നറിഞ്ഞപ്പോള്‍ ഒന്നു കാണാന്‍ റോഡരികില്‍ കാത്തുനിന്നത് വെറുതെയായില്ല. റോഡില്‍ നിന്ന് കൈവീശി സലാം പറഞ്ഞതോടെ അദ്ദേഹം വാഹനം നിര്‍ത്തുകയും ഹംസ തന്റെ പ്രയാസങ്ങള്‍ പറയുകയും ചെയ്തു.

27 വര്‍ഷമായി ഓട്ടോ തൊഴിലാളിയായ തനിക്ക് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നും 17 വര്‍ഷം പഴക്കമുള്ള ഈ ഓട്ടോ മാറ്റി വേറെ വാങ്ങണമെന്നും ഇതിനു സഹായിക്കാമോയെന്നും ചോദിച്ചപ്പോള്‍ എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ മാനേജര്‍ ഇറങ്ങിവന്ന് ഫോണ്‍ നമ്പര്‍ വാങ്ങി മടങ്ങി.

പ്രതീക്ഷ കൈവിടാതെയിരിക്കുന്ന സമയത്താണ് വൈകീട്ട് യൂസഫലിയുടെ ഓഫീസില്‍ നിന്നും വിളിച്ച് പുതിയ ഓട്ടോ ലഭിക്കുമെന്ന കാര്യം അറിയിച്ചത്. ഭാര്യയും നാലുമക്കളും അടങ്ങുന്നതാണ് ഹംസയുടെ കുടുംബം.

Exit mobile version