അനീഷ് ലാലന്റെ വീട്ടിലെ സഹായി; 3.20ന് വിളിച്ചുവരുത്തി, ഭാര്യയും മക്കളും തടഞ്ഞിട്ടും 3.30ഓടെ ലാലൻ കൊലപ്പെടുത്തി; തെളിവായി ഫോൺ രേഖകൾ; കുടുംബങ്ങൾ തമ്മിലും അടുപ്പത്തിൽ

തിരുവനന്തപുരം: പേട്ടയിൽ അയൽവാസിയായ യുവാവിനെ സമീപത്തെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഫോൺ രേഖകൾ പുറത്ത്. മകനെ പ്രതിയായ സൈമൺ ലാലന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു എന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് കൂടുതൽ തെളിവുകൾ. അനീഷിനെ വിളിച്ച ഫോൺ രേഖകൾ പുറത്ത്. കൊലപാതകത്തിന് മുൻപ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് വിളിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പുലർച്ചെ 3.20 നാണ് ഈ ഫോൺ കോൾ എത്തിയത്. പോലീസ് നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം അനീഷിന് കുത്തേൽക്കുന്നത് 3.30ന് ആണെന്നതും ശക്തമായ തെളിവാകുന്നു. അനീഷിന്റെ കുടുംബമാണ് ഫോൺ രേഖകൾ പുറത്ത് വിട്ടത്. ഫോൺവിളിയെത്തിയ അമ്മയുടെ ഫോണുമായാണ് അനീഷ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്.

പിന്നീട് അനീഷ് ആക്രമിക്കപ്പെട്ടതിന് ശേഷം അനീഷിന്റെ അമ്മയും പെൺകുട്ടിയുടെ അമ്മയും ഈ ഫോണിലേക്ക് വിളിച്ചതായും ഫോൺ രേഖകൾ ചൂണ്ടിക്കാട്ടുന്നു. അനീഷിന്റെ അമ്മ വിളിച്ചപ്പോൾ ഫോൺ എടുത്തത് പെൺകുട്ടിയുടെ അമ്മയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

പത്തൊമ്പതുകാരനെ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തിയത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന പോലീസിന്റെ വാദത്തിന് ബലം നൽകുന്നതാണ് ഫോൺ രേഖകൾ. പ്രതി സൈമൺ ലാലന് കൊല്ലപ്പെട്ട അനീഷ് ജോർജ്ജിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതു കൊണ്ടാണ് നെഞ്ചിൽ തന്നെ കുത്തിയതെന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ.

കേസിൽ പെൺകുട്ടിയുടെ അടക്കം പ്രാഥമിക മൊഴിയെടുക്കലാണ് പൂർത്തിയായി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് പേട്ട സ്വദേശിയായ അനീഷിനെ പെൺ സുഹൃത്തിന്റെ വീട്ടിൽ വെച്ച് പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുന്നത്.

പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയ ലാലൻ അനീഷിനെ കള്ളനാണെന്ന് തെറ്റിദ്ധരിച്ചു കുത്തിയെന്നായിരുന്നു നൽകിയ മൊഴി. എന്നാൽ പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയിൽ അനീഷാണെന്ന് തിരിച്ചറിഞ്ഞു ശേഷമാണ് പ്രതി കുത്തിയതെന്ന് വ്യക്തമായിരുന്നു. അനീഷിന്റേയും ലാലന്റേയും കുടുംബം ഒരേ പള്ളിയിൽ പോകുന്നവരും പരസ്പരം അറിയുന്നവരുമാണ്. അനീഷ് ലാലന്റെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്നു. ലാലന്റെ ഭാര്യയും മക്കളും അനീഷിനൊപ്പം ലുലു മാൾ സന്ദർശിച്ചതിനും തെളിവുകളുണ്ട്.

Also Read-ജയിൽ ഇടിഞ്ഞാലും ദിലീപിന് പുറത്ത് വരാനാകില്ല; അത്രയ്ക്ക് ശക്തം തെളിവുകൾ; അഭയകേസിലെ അടക്ക രാജുവിനെ പോലെയാണ് ബാലചന്ദ്രകുമാറെന്ന് ബൈജു കൊട്ടാരക്കര

അനീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചപ്പോൾ മക്കളും ഭാര്യയും തടയാൻ ശ്രമിച്ചിട്ടും ലാലൻ പിന്മാറിയില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അനീഷിന്റെ കുടുംബവും കൊലപാതകത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണവുമായി രംഗത്തെത്തിയത്. പെൺകുട്ടിയുടെ വീട്ടിലെ പ്രശ്നങ്ങളിൽ ഇടപെട്ടത് വൈരാഗ്യത്തിന് കാരണമായെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. അനീഷും, പെൺകുട്ടിയും തമ്മിൽ സ്നേഹത്തിലായിരുന്നെന്ന് സുഹൃത്തുക്കളും പറയുന്നു.
കേസിലെ എല്ലാ ആരോപണവും പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്. പെൺകുട്ടിയ്ക്കും സുഹൃത്തുക്കൾക്കും പുറമെ അനീഷിന്റെ കുടുംബത്തിന്റെ മൊഴിയും രേഖപെടുത്തും. റിമാൻഡിലുള്ള പെൺകുട്ടിയുടെ അച്ഛൻ ലാലനെ രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിക്കും.

Exit mobile version