ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പ്രസവവേദന: കനിവ് ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി ആദിവാസി യുവതി, അമ്മയ്ക്കും കുഞ്ഞിനും പരിചരണമൊരുക്കി ആംബുലന്‍സ് ജീവനക്കാര്‍

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. കോട്ടൂര്‍ കൊമ്പിടി തടതരികത്തു വീട്ടില്‍ ശിവകുമാറിന്റെ ഭാര്യ സുനിത (25) ആണ് ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍ ഇന്ദു അത്യാഹിത സന്ദേശം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ തന്നെ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രിയങ്ക എസ്.എസ്, പൈലറ്റ് ഷൈജു ജി എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു.

Read Also: ‘മിന്നല്‍ മുരളി, മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ’: പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ആംബുലന്‍സ് കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള പാത ആയതിനാല്‍ ബന്ധുക്കള്‍ സുനിതയെ ജീപ്പില്‍ വാലിപ്പാറ വരെ എത്തിച്ചു. ഇവിടെ വെച്ച് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രിയങ്ക നടത്തിയ പരിശോധനയില്‍ സുനിതയുടെ ആരോഗ്യനില മോശമാണെന്നും ജീപ്പില്‍ നിന്ന് ആംബുലന്‍സിലേക്ക് മാറ്റാനോ മുന്നോട്ട് പോകാനോ കഴിയാത്ത സാഹചര്യമാണെന്ന് മനസിലാക്കി പ്രസവം എടുക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി.

നാലരയോടെ പ്രിയങ്കയുടെ പരിചരണത്തില്‍ സുനിത കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പൊക്കിള്‍ കൊടി ബന്ധം വേര്‍പ്പെടുത്തി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ തന്നെ പൈലറ്റ് ഷൈജു ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version