‘എന്റെ മോൻ ആർക്കും ദോഷമായി സംസാരിക്കുക പോലുമില്ല, പിന്നെന്തിനാണ് അരുംകൊല ചെയ്തത്’, കണ്ണീര് വറ്റി രഞ്ജിതിന്റെ അമ്മ; ലിഷയെ തള്ളിയിട്ടു, മകൾക്ക് നേരെ വടിവാൾ വീശി, പുലർച്ചെ അഴിഞ്ഞാടി അക്രമിസംഘം

ആലപ്പുഴ: ആലപ്പുഴയിൽ വീട്ടിൽക്കയറി അക്രമി സംഘം കൺമുന്നിൽ വെച്ച് രഞ്ജിത് ശ്രീനിവാസനെ വെട്ടിനുറുക്കിയതിന്റെ ഞെട്ടലിൽ നിന്നും മുക്തരാകാതെ കുടുംബം. തലേദിവസം വീട് നോക്കിവെച്ച സംഘം പുലർച്ചെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. വീട്ടുകാരെ വാൾവീശിയും കത്തി കഴുത്തിന് നേരെ നീട്ടിയും ഭീഷണിപ്പെടുത്തിയാണ് അക്രമിസംഘം അഴിഞ്ഞാടിയത്.

എന്റെ മോൻ ആർക്കും ദോഷമായി സംസാരിക്കുക പോലുമില്ല… പിന്നെ എന്തിനാണ് എന്റെ മകനെ ഇങ്ങനെ അരുംകൊലചെയ്തത്…’ ആരോഗ്യവകുപ്പ് മുൻ സൂപ്രണ്ടായ വിനോദിനി (71) ഭീതിയും വിരഹവും മാറാതെ തലയ്ക്കടിച്ചു കരഞ്ഞു.

മകനെ വെട്ടിവീഴ്ത്തുന്നതിന് സാക്ഷിയായ അമ്മയുടെ വാക്കുകളിങ്ങനെ:- ”രാവിലെ ഞാൻ അമ്പലത്തിൽ പോയി രൺജീതിനു വേണ്ടി പുഷ്പാഞ്ജലി നടത്തി തിരിച്ചെത്തി വീടിനു മുന്നിലെ പടിക്കെട്ടിലൂടെ മുകളിലെ നിലയിലേക്കു കയറുന്നതിനിടയിലാണ് ആരോ ഗേറ്റ് ചവിട്ടി തുറന്ന് അകത്തേയ്ക്കു കയറുന്ന ശബ്ദം കേട്ടു ശ്രദ്ധിച്ചത്. വെട്ടുകത്തിയും വാളും ചുറ്റികയുമൊക്കെയുണ്ടായിരുന്നു അവരുടെ കയ്യിൽ. വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് ടീപ്പോയ് ചുറ്റിക കൊണ്ട് അടിച്ചുതകർത്തു. ആ ശബ്ദം കേട്ടാണ് രൺജീത് കിടപ്പുമുറിയിൽ നിന്നു ഡൈനിങ് ഹാളിലേക്കു വന്നത്. ചുറ്റിക കൊണ്ട് അവന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തി. ഉടുമുണ്ട് ഉരിഞ്ഞെടുത്ത ശേഷം വെട്ടി. നിലവിളിച്ചുകൊണ്ട് തടയാൻ ഓടിയെത്തിയ എന്നെ തള്ളി താഴെയിട്ടു. ‘

‘ഇതിനിടയിൽ രൺജീതിന്റെ ഭാര്യ ലിഷ അടുക്കളയിൽ നിന്ന് ഓടിയെത്തി. അവളെയും തള്ളി താഴെയിട്ടു. ഇളയ മകൾ ഹൃദ്യ ‘അച്ഛാ’ എന്നു വിളിച്ച് മുന്നോട്ടാഞ്ഞപ്പോൾ ഗുണ്ടകൾ അവളുടെ നേരെ വാൾ വീശി. പേടിച്ചുപോയ കുഞ്ഞ് ഉടനെ മുറിയിലേക്കു മാറി. താഴെ വീണ എന്റെ മുഖത്തു കസേരകൊണ്ട് അമർത്തിവച്ച്, കത്തിയെടുത്ത് കഴുത്തിനു നേരെ നീട്ടിപ്പിടിച്ചു. കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തള്ളി മാറ്റാൻ ഞാൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും എന്റെ മോനെ ക്രൂരമായി അവർ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തുകയായിരുന്നു. തലയിലും കാലിലുമെല്ലാം എത്രയോ വെട്ടേറ്റ് എന്റെ കുഞ്ഞ്…’ വിനോദിനി പറഞ്ഞു.

Also Read-രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് സഹിക്കാനാകില്ല; സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി

‘ശബരിമലയിൽ പോയിവന്ന ഇളയ മകൻ അഭിജിത്ത് മുകൾനിലയിൽ ഉറക്കമായിരുന്നു. അവനെ വിളിച്ചെങ്കിലും ഉറക്കത്തിലായതിനാൽ കേട്ടില്ല. അവൻ ഓടി വന്നപ്പോൾ അക്രമികൾ രക്ഷപ്പെട്ടിരുന്നു. രാവിലെ 6.15ന് മൂത്തമകൾ ഭാഗ്യ ട്യൂഷൻ ക്ലാസിൽ പോയപ്പോൾ വാതിൽ തുറന്നതാണ്. പിന്നീട് വാതിലടച്ചെങ്കിലും പൂട്ടിയിട്ടില്ലായിരുന്നു. വാതിൽ തള്ളിത്തുറന്നാണു സംഘം അകത്തു കയറിയത്’ വിനോദിനിക്ക് കരച്ചിലടക്കാനാകുന്നില്ല.

Exit mobile version