സന്യാസി കള്ളം പറയുമെന്ന് കരുതിയില്ല; ഹാർവാർഡ് യൂണിവേഴ്‌സിറ്റി പരാമർശത്തിൽ വിശദീകരണവുമായി മുൻ ഡിജിപി; കള്ളംപൊളിച്ച അഭിറാമിനും സുഹൃത്തിനും അഭിനന്ദനം

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ അന്ധവിശ്വാസത്തിന്റെ പേരിൽ കെട്ടിടങ്ങൾ പൊളിച്ചെന്ന പരാമർശം വിവാദമായതോടെ വിശദീകരണവുമായി മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. ഒരു സന്യാസി നടത്തിയ പ്രസംഗമാണ് താൻ ഉദ്ധരിച്ചതെന്നും അദ്ദേഹം കള്ളം പറയുമെന്ന് താൻ കരുതിയില്ലെന്നും അലക്സാണ്ടർ ജേക്കബ് വിശദീകരിച്ചു.

സോഷ്യൽ മീഡിയ പ്രചാരണങ്ങളെ വിമർശിച്ച അദ്ദേഹം തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രമാണ് അടർത്തിയെടുത്ത് പ്രചരിപ്പിച്ചതെന്നും സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

”ഒരു സന്യാസി ന്യൂയോർക്കിൽ വെള്ളക്കാരോട് നടത്തിയ പ്രസംഗമാണ് ഞാൻ ഉദ്ധരിച്ചത്. യൂട്യൂബിൽ കണ്ടതാണ് ഈ പ്രസംഗം. ഒരു സന്യാസി വര്യൻ കള്ളം പറയുമെന്ന് കരുതിയില്ല. ഹാർവാഡിലെ സൈക്കോളജി വിഭാഗം നടത്തിയ പഠനത്തെ കുറിച്ച് ചരിത്ര വിഭാഗത്തോടാണ് അഭിറാം വിശദീകരണം ചോദിച്ചത്. സൈക്കോളജി വിഭാഗം നടത്തിയ പഠനത്തെ കുറിച്ച് അറിയില്ല എന്നായിരിക്കാം ചരിത്ര വിഭാഗം നൽകി മറുപടി.”-അലക്സാണ്ടർ ജേക്കബി പറഞ്ഞു.

ഹാർവാർഡ് യൂണിവേഴ്സിറ്റി അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ടാണ് കാരംകോട് വിമല സെൻട്രൽ സ്‌കൂൾ വിദ്യാർഥി അഭിറാം അരുൺ മുൻ ഡിജിപിയുടെ വാദം തിരുത്തിയത്.

സംഭവത്തെക്കുറിച്ച് ശാസ്ത്രകേരളം മാഗസിനിൽ ‘ഒരു ഹാർവാർഡ് അപാരത’ എന്ന തലക്കെട്ടിൽ അഭിറാം എഴുതിയ ലേഖനം പുറത്തുവന്നതോടെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയായത്. വീഡിയോയിൽ അലക്സാണ്ടർ ജേക്കബ് പറഞ്ഞത്: ”ഏതാനും വർഷം മുൻപ്, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിൽ ഒരു ഹോസ്റ്റൽ പണിയുകയും അതിൽ പല ദിശകളിൽ കുട്ടികൾ ഇരുന്ന് പഠിക്കുകയും ചെയ്തു. എന്നാൽ പരീക്ഷ കഴിഞ്ഞ് ഫലം വന്നപ്പോൾ കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികൾക്ക് മറ്റു ദിശകളിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികളേക്കാൾ കൂടുതൽ മാർക്ക് ലഭിക്കുകയും, മറ്റുള്ളവർക്ക് മാർക്ക് മുൻപത്തേക്കാൾ വളരെ കുറയുകയും ചെയ്തു. അതിനുശേഷം ഹാർവാർഡിലെ മറ്റു ദിശകളിലേക്ക് നോക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കുകയും, കിഴക്ക് ഭാഗത്ത് മുഖം വരുന്ന രീതിയിൽ പുതുക്കി പണിയുകയും ചെയ്തു.

” അഭിറാം എഴുതിയ ലേഖനത്തിന്റെ പൂർണരൂപം: ”ഒരു ദിവസം ഇൻസ്റ്റഗ്രാമിൽ കേരളത്തിലെ ഒരു മുൻ ഡിജിപിയുടെ പ്രഭാഷണം കണ്ടു. അതിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഏതാനും വർഷം മുൻപ്, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിൽ ഒരു ഹോസ്റ്റൽ പണിയുകയും അതിൽ പല ദിശകളിൽ കുട്ടികൾ ഇരുന്ന് പഠിക്കുകയും ചെയ്തുവെന്നും പരീക്ഷ കഴിഞ്ഞ് ഫലം വന്നപ്പോൾ കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികൾക്ക് മറ്റു ദിശകളിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികളേക്കാൾ കൂടുതൽ മാർക്ക് ലഭിക്കുകയും, മറ്റുള്ളവർക്ക് മാർക്ക് മുൻപത്തേക്കാൾ വളരെ കുറയുകയും ചെയ്യു എന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനുശേഷം ഹാർവാർഡിലെ മറ്റു ദിശ കളിലേക്ക് നോക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കുകയും, കിഴക്ക് ഭാഗത്ത് മുഖം വരുന്ന രീതിയിൽ പുതുക്കി പണിയുകയും ചെയ്തുവത്രേ. കൂടാതെ കിഴക്ക് ദിശ നോക്കി പഠിക്കുന്നതിന്റെ ഗുണ ങ്ങളെപ്പറ്റി അദ്ദേഹത്തിന്റേതായ കുറച്ച് ശാസ്ത്രീയ വിശദീകരണങ്ങളും കേട്ടു. ഈ വീഡിയോ കണ്ടപ്പോൾ എനിക്കാകെ കൺഫ്യൂഷനായി.” ”ഞാനും സുഹൃത്ത് ഉസ്മാൻ അഹമ്മദും ചേർന്ന് ഗൂഗിളിലും ഹാർവാർഡ് യൂണിവേഴ്സിറ്റി സൈറ്റിലുമൊക്കെ തിരഞ്ഞിട്ടും തപ്പി നോക്കിയിട്ടും അങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഒന്നും കണ്ടില്ല. ഞാൻ ഈ വീഡിയോ എന്റെ ഒരു ടീച്ചർക്ക് അയച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും സത്യാവസ്ഥ കാണുമെന്നും ഇത് വലിയ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഒരു പൊതുവേദിയിൽ വെറുതെ ഒരു കഥ പറയില്ലെന്നുമായിരുന്നു ടീച്ചറുടെ അഭിപ്രായം. അത് ശരിയാവാൻ ഒരു സാധ്യതയുമില്ലെന്ന് തന്നെ ഞങ്ങൾക്ക് തോന്നി. പക്ഷെ എങ്ങനെ ഉറപ്പിക്കും. ആരോട് ചോദിക്കും. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ ഹാർവാർഡ് യൂണി വേഴ്സിറ്റിയുടെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന് അതറിയാതിരിക്കാൻ വഴിയില്ലെന്നു തോന്നി. അങ്ങനെ അവരുടെ ഇമെയിൽ സംഘടിപ്പിച്ച് കത്തയച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്നാണ് അന്വേഷിച്ചത്. ഒരു മാസമൊക്കെ കഴിയുമ്പോ മറുപടി കിട്ടുമായിരിക്കുമെന്നു പ്രതീക്ഷിച്ച ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേ ദിവസം തന്നെ മറുപടി വന്നു.” ”അവർക്ക് അങ്ങനെ ഒരു സംഭവം നടന്നതിനെ കുറിച്ച് യാതൊരറിവും ഇല്ലെന്നും അവരുടെ ഡാറ്റാബേസിൽ അങ്ങനെ ഒരു പഠനത്തെക്കുറിച്ച് യാതൊരു രേഖയും ഇല്ലെന്നും പറഞ്ഞു. വൃത്താകൃതിയിലുള്ള ഒരു ഹോസ്റ്റിൽ ഇല്ലെന്ന് മാത്രമല്ല പഴക്കം ചെന്നാലും കെട്ടിടങ്ങൾ സംരക്ഷിക്കുന്നതല്ലാതെ കെട്ടിടങ്ങൾ പൊളിച്ചുകളയുന്ന രീതി ഹാർവാർഡിലില്ലെന്നും അവർ വ്യക്തമാക്കി. കൂടാതെ ഹാർവാർഡിൽ എല്ലാ ദിശകളിലേക്കും മുഖമുള്ള കെട്ടിടങ്ങൾ ഉണ്ടെന്നും അതിലെല്ലാം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും അറിയിച്ചു. ഞങ്ങൾക്ക് സന്തോഷമായി. ഇമെയിൽ അയച്ചുകൊടുത്തപ്പോൾ ടീച്ചർക്കും സന്തോഷമായി. എത്ര വലിയ സ്ഥാനത്തുള്ള ആളാണ് പറയുന്നതെങ്കിലും കേൾക്കുന്നതല്ലാം കണ്ണടച്ചങ്ങ് വിശ്വസിക്കരുതെന്ന് കൂട്ടുകാർക്കും മനസിലായല്ലോ അല്ലേ?”

Exit mobile version