ചാവക്കാട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച സംഭവം; ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തൃശ്ശൂര്‍: ചാവക്കാട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അഡ്വ. ടിവി മുഹമ്മദ് ഫൈസല്‍ സബ്ജയില്‍ സൂപ്രണ്ടിനോടും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറോടും സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഒരുമനയൂര്‍ മൂന്നാംകല്ല് പരേതനായ രായം മരക്കാര്‍ വീട്ടില്‍ അബ്ദുവിന്റെ മകന്‍ ഉമര്‍ ഖത്താബാണ് (29) മരിച്ചത്. ജയിലിലെ രാത്രി ഭക്ഷണത്തിന് ശേഷം ശുചിമുറിയില്‍ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക വിവരം. പ്രതിഷേധസൂചകമായി നാട്ടുകാര്‍ ജയിലിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.

നവംബര്‍ ഇരുപത്തിയഞ്ചാം തീയ്യതിയായിരുന്നു ഉമറിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അറുപതിനായിരം രൂപയോളം അപഹരിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ഉമര്‍.

Exit mobile version