ഹെലിക്കോപ്റ്റര്‍ അപകടം: രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ ബിജിയുടെ വീട്ടിലെത്തി നന്ദിയറിയിച്ച് യൂസഫലി; കൈ നിറയെ സമ്മാനങ്ങളും നല്‍കി മടക്കം

കൊച്ചി: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താന്‍ ആദ്യം ഓടിയെത്തിയ കുടുംബത്തെ നേരില്‍ കണ്ട് നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഞായറാഴ്ച ഉച്ചയോടെയാണ് പനങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ ബിജിയുടെ കുമ്പളത്തെ വീട്ടില്‍ നേരിട്ടെത്തി നന്ദി പറഞ്ഞത്.

ഏപ്രില്‍ 11 നായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് ആശുപത്രിയിലെത്തിക്കും മുമ്പ് പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയുടെ വീട്ടില്‍ വച്ചായിരുന്നു. ബിജിക്കും കുടുംബത്തിനും സമ്മാനങ്ങളുമായാണ് യൂസഫലി കുമ്പളത്തെ വീട്ടിലെത്തിയത്. തന്നെ സഹായിച്ച കുടുംബത്തിന് നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി പറഞ്ഞു.

കുടുംബത്തിനൊപ്പം അല്‍പ്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കുടുംബത്തെ കാണാമെന്ന നേരത്തെ വാക്ക് നല്‍കിയതാണെന്നും അതിപ്പോള്‍ പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കാണാന്‍ വന്നപ്പോള്‍ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കാണാന്‍ സാധിച്ചില്ല. അതിന് ശേഷം ഒരുതവണ വന്നെങ്കിലും വ്യക്തിപരമായ ആവശ്യം മൂലം കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നുവെന്നും യൂസഫലി പറഞ്ഞു. ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭയങ്കര മഴായിരുന്നു. തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥന്‍ കുടയുമായി വന്ന് തന്നെ ഹെലികോപ്റ്ററില്‍ നിന്നും ഇറക്കി. നടക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോള്‍. എല്ലാവരും ചേര്‍ന്നാണ് പിടിച്ച് ഇറക്കിയത്. ഇവര്‍ നല്‍കിയ മനുഷ്യത്വപരമായ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നല്‍കിയാലും അത് എനിക്ക് മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ കാരണം ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത ബിജിയെ കേരളാ പോലീസും ആദരിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ െേപാലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിന് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കിയിരുന്നു.

Exit mobile version