ആലത്തൂരിൽ നിന്ന് കാണാതായി; കണ്ടെത്തിയത് മുംബൈയിൽ നിന്നും! ട്രെയിനിൽ കണ്ട കുടുംബത്തോട് പറഞ്ഞത് ‘ഞാൻ അനാഥയാണ്’; മൂന്നുമാസം ഒളിജീവിതം, ഫേസ്ബുക്ക് തുമ്പാക്കി പോലീസ്, കണ്ണീരോടെ മാതാപിതാക്കളും

പാലക്കാട്: ആലത്തൂരിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് 21കാരിയായ സൂര്യ കൃഷ്ണയെ ആലത്തൂരിൽ നിന്നും കാണാതായത്. മുംബൈയിൽ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെൺകുട്ടിയെ ആലത്തൂരിൽ എത്തിച്ചെന്നും ആലത്തൂർ എസ്എച്ച്ഒ റിയാസ് ചാക്കീരി പറഞ്ഞു.

2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യയെ കാണാതായത്. ആലത്തൂരിലെ വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി ആലത്തൂർ ടൗണിലേക്ക് പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

ഒരു ബാഗിൽ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. വീടിന് സമീപത്തെ വഴിയിലൂടെ പെൺകുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു. മൊബൈൽ ഫോണോ എടിഎം കാർഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല.

ഫോൺ പോലും എടുക്കാതെ പോയതിനാൽ അന്വേഷണവും വഴിമുട്ടിയ നിലയിലായിരുന്നു. ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയ സൂര്യ, പാലക്കാട്നിന്ന് തീവണ്ടിമാർഗം കോയമ്പത്തൂർ വഴി മുംബൈയിലേക്കാണ് പോയതെന്ന് എസ്എച്ച്ഒ റിയാസ് ചാക്കീരി പറഞ്ഞു.

തീവണ്ടിയിൽ നിന്ന് ഒരാളെ പരിചയപ്പെടുകയും ഇയാൾ വഴി മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്. തിരിച്ചറിയൽ രേഖകളോ മറ്റോ കൈയിൽ ഇല്ലാത്തതിനാൽ ഹോസ്റ്റലുകളിൽ താമസവും ശരിയായില്ല. ഇതോടെയാണ് തമിഴ് കുടുംബത്തിനൊപ്പം അവരുടെ വീട്ടിൽ താമസിപ്പിച്ചത്.

അടുത്ത കാലത്തായി സൂര്യ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സോഷ്യൽമീഡിയ അക്കൗണ്ട് നിരന്തരം നിരീക്ഷിച്ചിരുന്ന പോലീസ് ഈ സൂചന തുമ്പാക്കി നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ മുംബൈയിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നുമാസമായി തമിഴ് കുടുംബത്തോടൊപ്പം സുരക്ഷിതമായി പെൺകുട്ടി താമസിച്ചുവരികയായിരുന്നു.

Exit mobile version