ഇത് ക്യാപ്റ്റന്‍ ഹരിത; ‘കപ്പിത്താന്മാ’രുടെ സാമ്രാജ്യത്തിലേയ്ക്ക് രാജ്യത്താദ്യമായി ഒരു ‘കപ്പിത്താള്‍’, ചരിത്രം തിരുത്തി കുറിച്ച് ഇവള്‍

അരൂര്‍: കപ്പിത്താന്മാരുടെ സാമ്രാജ്യത്തിലേയ്ക്ക് ചരിത്രം തിരുത്തി കുറിച്ച് രാജ്യത്താദ്യമായി ഒരു കപ്പിത്താളായി കടന്നുവന്ന് ഞെട്ടിച്ചിരിക്കുകയാണ് എഴുപുന്ന സ്വദേശിനി ഹരിത. മത്സ്യബന്ധനത്തിന് കടലില്‍ പോകുന്ന ആയിരക്കണക്കിന് കപ്പലുകളാണ് നമ്മുടെ രാജ്യത്തുള്ളത്. അതില്‍ ഒരു പെണ്‍സാന്നിധ്യം പോലും ഇതുവരെ ഉണ്ടായിരുന്നില്ല. ആ ചരിത്രമാണ് ഇന്ന് ഹരിതയിലൂടെ തിരുത്തി കുറിക്കുന്നത്.

ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ പഠിച്ചിറങ്ങിയ രാജ്യത്തെ ആദ്യ വനിതയാണ് ഹരിത. എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡ് കൈതക്കുഴി കുഞ്ഞപ്പന്റെയും സുധര്‍മയുടെയും മകള്‍ കെ.കെ. ഹരിത. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള മറൈന്‍ ഫിഷറീസ് റിസര്‍ച്ച് വെസലുകളില്‍ നിയമിക്കപ്പെടാനുള്ള ‘സ്‌കിപ്പര്‍’ (ക്യാപ്റ്റന്‍) പരീക്ഷയില്‍ വിജയംനേടിയ രാജ്യത്തെ ആദ്യ വനിത കൂടിയാണ് ഹരിത.

നവംബര്‍ 23-ന് നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനിയറിങ് (സിഫ്‌നെറ്റ്) നടത്തിയ ‘മേറ്റ് ഓഫ് ഫിഷിങ് വെസല്‍സ്’ പരീക്ഷയില്‍ മികച്ചവിജയം നേടിയായിരുന്നു തുടക്കം.

കേന്ദ്രസര്‍ക്കാരിന്റെയും മറ്റു കമ്പനികളുടെയും കപ്പലുകളില്‍ 12 മാസത്തോളം കപ്പലോട്ടം നടത്തി വിദഗ്ധ പരിശീലനവും ഹരിത നേടി. ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയില്‍ ചീഫ് ഓഫ് ഓഫീസറായും സേവനമനുഷ്ഠിച്ചു. മുംബൈ കേന്ദ്രമായ സിനര്‍ജി മറീനേഴ്‌സിന്റെ കപ്പലില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് യു.എസിലേക്ക് കപ്പലോട്ടം നടത്തി തിരിച്ചുവന്നശേഷമാണ് ഹരിത സ്‌കിപ്പര്‍ പരീക്ഷയില്‍ പങ്കെടുത്തത്.

2016-ല്‍ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് ആന്‍ഡ് നോട്ടിക്കല്‍ സയന്‍സില്‍ (ബി.എഫ്.എസ്സി) ബിരുദം നേടിയ ശേഷമായിരുന്നു ഹരിത ഉപരി പഠനവും രാജ്യാന്തര പരിശീലനവും കപ്പലോട്ടങ്ങളും നടത്തിയത്. കപ്പലുകളില്‍ 20 ദിവസം വീതമുള്ള ഉലകംചുറ്റലിലിനുശേഷം മടങ്ങിവന്ന ഹരിത, ഡിസംബര്‍ 10-ന് വീണ്ടും യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. അതിനിടയിലാണ്, രാജ്യത്തെ ആദ്യ ‘വനിതാ വെസല്‍ ക്യാപ്റ്റന്‍’ എന്ന അപൂര്‍വ നേട്ടം തേടിയെത്തിയത്. പത്തു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ഹരിത കൂട്ടിച്ചേര്‍ത്തു. കേരളക്കരയ്ക്ക് ഹരിത ഇപ്പോള്‍ അഭിമാനമാവുകയാണ്.

Exit mobile version