‘ലീഗിനേക്കാളും മുകളിൽ അഭിപ്രായം പറയുന്നു’, ഫാത്തിമ തെഹ്‌ലിയയെയും ഹരിത വിഭാഗത്തേയും ഒതുക്കണമെന്ന് ലീഗ് നേതൃതം; എംഎസ്എഫ് നേതാവിന്റെ ശബ്ദരേഖ പുറത്ത്

കോഴിക്കോട്: എംഎസ്എഫ് നേതാക്കൾ അശ്ലീല ചുവയോടെ സംസാരിച്ചെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത വനിതാ കമ്മീഷന് പരാതി നൽകിയതിന് പിന്നാലെ കൂടുതൽ വിവാദങ്ങൾ. മുസ്ലിം ലീഗ് നേതൃത്വം തന്നെ ഇടപെട്ടാണ് വനിതാ നേതാക്കളെ ഒതുക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ളെിവുകൾ. എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുൾ വഹാബിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് ലീഗ് പ്രതിസന്ധിയിലായിരിക്കുന്നത്.

എംഎസ്എഫ് വനിതാവിഭാഗമായ ഹരിത നേതൃത്വത്തെ ഒതുക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് കൃത്യമായ നിർദ്ദേശം നൽകിയതായി അബ്ദുൾ വഹാബ് ശബ്ദരേഖയിൽ പറയുന്നു. ഹരതിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായി സംസാരിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയക്കെതിരെയാണ് പ്രധാനമായും ശബ്ദരേഖയിൽ പറയുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാവുമെന്ന തരത്തിൽ ചർച്ച വന്നിരുന്നു. എന്നാൽ അന്ന് ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കിയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഇവരെ മൊത്തത്തിലൊന്ന് കടിഞ്ഞാടിടണമെന്നും ലീഗിനേക്കാളും മേലെ ലീഗിന്റെ അഭിപ്രായവുമായി വരരുതെന്ന കൃത്യമായ നിർദേശം ലീഗ് എംഎസ്എഫിന് തന്നിട്ടുണ്ട് എന്നും ശബ്ദരേഖയിൽ പറയുന്നു. ഹരിത വനിതാ കമ്മീഷന് നൽകിയ പരാതി അച്ചടക്ക ലംഘനമാണെന്നാണ് ഇന്നലെ പിഎംഎ സലാം പറഞ്ഞത്.

ഇതിനിടെ ഹരിതയുടെ സംസ്ഥാന, ജില്ലാതല പ്രവർത്തനം നിർത്തിവെയ്പ്പിക്കണമെന്നും ലീഗിൽ ആവശ്യമുയരുന്നുണ്ടെന്ന സൂചനയുണ്ട്. പെൺകുട്ടികൾക്ക് മാത്രമായ ഹരിത എന്നൊരു വിഭാഗം എംഎസ്എഫിൽ വേണ്ടെന്ന അഭിപ്രായമാണ് ഒരുവിഭാഗത്തിന്. ക്യാംപസുകളിൽ മാത്രം പെൺകുട്ടികളുടെ ഗ്രൂപ്പായി ഹരിത പ്രവർത്തിക്കട്ടെ എന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ആവശ്യം.

Exit mobile version