ഒടുവിൽ ‘ഹരിത’യുടെ പരാതി കേട്ട് ലീഗ്; പികെ നവാസടക്കം മൂന്നുപേരെ സസ്‌പെൻഡ് ചെയ്യും; അധിക്ഷേപിച്ചെന്ന പരാതി പിൻവലിച്ചേക്കുമെന്ന് ഹരിത നേതാക്കൾ

മലപ്പുറം: ഒടുവിൽ മുസ്ലിം ലീഗ് ഇടപെടലിൽ ഹരിതയും എംഎസ്എഫും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം മലപ്പുറം ലീഗ് ഹൗസിൽ നടന്ന മാരത്തോൺ ചർച്ചയിലാണ് ഇക്കാര്യത്തിലെ ഒത്തുതീർപ്പ് ഫോർമുല ഉണ്ടായത്. വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് എംഎസ്എഫ് നേതാക്കളെ സസ്‌പെൻഡ് ചെയ്യുമെന്ന് ലീഗ് വാഗ്ദാനം നൽകിയതോടെയാണ് ഹരിത നേതാക്കളെ അനുനയിപ്പിക്കാനായത്.

മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എംപി, എംകെ മുനീർ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, മലപ്പുറം ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് ചർച്ചയിൽ സംസാരിച്ചത്.

സംഭവം ഒത്തുതീർപ്പിലേക്ക് നീങ്ങിയതോടെ ഹരിത നേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതിയും പിൻവലിച്ചേക്കും. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെ രണ്ട് ആഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്യും. കബിർ മുതുപറമ്പ്, വിഎ അബ്ദുൽ വഹാബ് എന്നീ നേതാക്കൾക്കെതിരെയും നടപടിയുണ്ടാകും. ഇന്ന് ഉച്ചയോടെ ലീഗ് തീരുമാനം പുറത്ത് വരുമെന്നാണ് സൂചന.

‘ഹരിത’ നേതാക്കളെ എംഎസ്എഫ് ഭാരവാഹികൾ ലൈംഗിക ചുവയോടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുസ്‌ലിം ലീഗ് ഉന്നത നേതൃത്വം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മലപ്പുറം ലീഗ് ഹൗസിൽ നടന്ന ചർച്ച ബുധനാഴ്ച രാത്രി 12 മണിക്കാണ് അവസാനിച്ചത്.

Exit mobile version