ആരുടേയും കൈയ്യടിക്ക് വേണ്ടിയല്ല, ‘ഞങ്ങടെ അമ്മയുടെ കല്യാണം’, കേൾക്കുന്നവർക്ക് തമാശ ആവാം, എന്നാൽ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം’; ശ്രദ്ധേയമായി കുറിപ്പ്

തിരുവനന്തപുരം: ജീവിതത്തിൽ അമ്മ തനിച്ചാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അമ്മയ്ക്ക് തണലൊരുക്കേണ്ടത് മുതിർന്ന മക്കളുടെ കടമയായി കണ്ട് അമ്പത്തിയാറാം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് ഈ മക്കൾ.

കീർത്തി പ്രകാശും സഹോദരൻ കാർത്തിക്കുമാണ് അമ്മയ്ക്ക് വേണ്ടി ഒരു കൂട്ട് കണ്ടെത്തി ജീവിതം സുരക്ഷിതമാക്കിയിരിക്കുന്നത്. അമ്മയുടെ വിവാഹവാർത്ത കീർത്തി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് വലിയ വരവേൽപ്പാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ചത്.

അച്ഛൻ പോയതോടെ ഒറ്റയ്ക്ക് മക്കളെ വളർത്തി വിവാഹവും കഴിപ്പിച്ച അമ്മയുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് ബിസിനസ് സംരംഭകയായ ജാജി എന്ന അമ്മയെ മാത്യു എം ഡാനിയൽ (റെജി )എന്ന സ്‌കൂൾ പ്രഥമാധ്യാപകനെ കൊണ്ട് ഇവർ വിവാഹം ചെയ്യിപ്പിച്ചത്. റെജിയുടെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. മകൻ എംബിബിഎസിന് പഠിക്കുന്നു. ജാജിയുടെ ഭർത്താവ് എട്ടുവർഷം മുമ്പാണ് മരിച്ചത്.

‘ആരുടെയും കൈയടി ലഭിക്കാൻ വേണ്ടി ചെയ്തതല്ല. അമ്മ ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുത്ത സ്ത്രീയാണ്. എന്നെയും അനുജനെയുമൊക്കെ സെറ്റിൽഡാക്കിയത് അമ്മയാണ്. ഇപ്പോൾ രണ്ടു മാസമായതേയുള്ളു അമ്മ തനിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ആ രണ്ടു മാസംകൊണ്ട് അമ്മ ഏറെ ഒറ്റപ്പെട്ടതു പോലെ ഞങ്ങൾക്ക് തോന്നിയിരുന്നു. അച്ഛൻ മരിച്ചിട്ട് എട്ടു വർഷമായി. ആ സമയത്തൊക്കെ അമ്മയെ കല്ല്യാണം കഴിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നു. പക്ഷേ അമ്മയ്ക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അമ്മയുടെ സമ്മതം വാങ്ങിയെടുത്തത്. ഇന്ന് അമ്മയും ഞങ്ങളും ഒരുപോലെ ഹാപ്പിയാണ്.’- കീർത്തി സ്വകാര്യമാധ്യമത്തോട് മനസുതുറന്നതിങ്ങനെ.

വൈറലായ കീർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഇന്നലെ ആയിരുന്നു …’ഞങ്ങടെ അമ്മയുടെ കല്യാണം ‘. കേൾക്കുന്നവർക്ക് തമാശ ആവാം , കുറ്റപ്പെടുത്തലുകൾ ആവാം , കളിയാക്കൽ ആവാം …പലതും ആവാം … പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ ‘ശെരി ‘ആവും എന്നത് തീർച്ച തന്നെ
സന്തോഷവും ആവാം എന്ന് എനിക്ക് ഉറപ്പാണ് മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ മാറി ചിന്തക്കണം … ജീവിതത്തിൽ വസന്തങ്ങൾ പണ്ടേ നഷ്ടപ്പെട്ട ഒരു സ്ത്രീ ആണ് എന്റെ ‘അമ്മ … പോരാടി , ഭയക്കാതെ , തോൽക്കാതെ ചിറകിനടിയിൽ ഞങ്ങളെ ചേർത്ത് വെച്ച് കണ്ട സ്വപ്നങ്ങളൊക്കെയും നേടി ജീവിതത്തിൽ ജയിച്ച ഞങ്ങടെ പെണ്കരുത്തിനു ഇതിലും നല്ലതു എന്ത് നല്കാൻ ആവും ?? എന്നെയും അനിയനെയും സർവ സുഖവും സന്തോഷവും ജീവിത സൗകര്യങ്ങളും നൽകി ഇന്നും മക്കളും, മരുമക്കളും, കൊച്ചു മക്കളും എന്ന ലോകത്തിൽ ജീവിച്ച ഈ അമ്മക്ക് തിരികെ നല്കാൻ ഒരു നല്ല കൂട്ടുകാരൻ , ഒരു’ പ്രൊട്ടക്ടർ ‘ , അതാണ് റെജി അങ്കിൾ എന്ന് എനിക്ക് വിശ്വാസമുണ്ട് .. ഞങ്ങടെ ഈ തീരുമാനത്തിൽ കൂട്ട് നിന്നവരും , ഞങ്ങൾ അറിയാതെ വിമർശിക്കുന്നവരോടും ഒന്നേ പറയാനുള്ളു … അമ്മയുടെ കല്യാണം നടത്താൻ മക്കളായ ഞങ്ങൾക്ക് കിട്ടിയതു ഏറ്റവും വലിയ ഭാഗ്യം ആണ് …ഞങ്ങടെ തണൽ മരത്തിനും ഞങ്ങടെ reji unclinum എല്ലാ വിധ ആശംസകളും !??
Reji uncle, welcome to our lovely family…????

Exit mobile version