ഇളയ മകളെ ഗർഭം ധരിച്ചപ്പോൾ ഖത്തറിൽ പോയ ജാഫറിനെ കാത്ത് കുടുംബം; ആറ് വർഷമായിട്ടും പ്രവാസിയെ കുറിച്ച് വിവരമില്ല;കണ്ണീർ

വടകര: പ്രവാസലോകത്തേക്ക് പോയ ജാഫർ കാണാമറയത്തായിട്ട് ആറ് വർഷം കഴിഞ്ഞിരിക്കുകയാണ്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇനിയും കുടുംബം. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ച വടകര ചോറോട് പുഞ്ചിരി മില്ലിന് സമീപം പറമ്പത്ത് ജാഫർ പിന്നീട് അപ്രത്യക്ഷനാവുകയായിരുന്നു. ജാഫർ നാട്ടിലേക്ക് മടങ്ങിയ വിവരം വൈകിയാണ് കുടുംബം അറിയുന്നത്. ഉടനെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇളയകുഞ്ഞിനെ ഭാര്യ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് ജാഫർ ഖത്തറിലേക്ക് പോയത്.

സുമനുസുകൾ വിചാരിച്ചാൽ ജാഫറിനെ കണ്ടെത്താനാകുമെന്ന് പ്രവാസി സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി പ്രതീക്ഷയോടെ പങ്കുവയ്ക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അഷ്‌റഫ് താമരശ്ശേരി ജാഫറിന്റെ തിരോധാനം പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

6 വർഷം മുന്പ് ഖത്തറിൽ നിന്നും നാട്ടിലേക്ക് പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത വ്യക്തിയാണ് വടകര ചോറോട് പുഞ്ചിരി മില്ലിന് സമീപം പറമ്പത്ത് ജാഫർ (49). തയ്യുള്ളതിൽ സമീറയാണ് ജാഫറിൻറെ ഭാര്യ. 2014 ൽ ഭാര്യക്ക് ഇളയമകളെ ഗർഭമുള്ളപ്പോഴാണ് ജാഫർ ജോലിക്കായി ഖത്തറിൽ ജോലിക്ക് പോയത്. പിന്നീട് ജോലി നഷ്ടപ്പെട്ടതോടെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്. ജാഫർ നാട്ടിലേക്ക് മടങ്ങിയ വിവരം വൈകിയാണ് കുടുംബം അറിയുന്നത്. ഉടനെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഒരു മകനും രണ്ടു പെണ്മക്കളുമാണ് ജാഫറിന്. ഇളയവളെ ജാഫർ കണ്ടിട്ടുപോലുമില്ല. വടകര എസ്.ഐ. യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. എൻറെ പ്രിയ സുഹൃത്തുക്കൾ പരിശ്രമിച്ചാൽ നമുക്കൊന്നായി ഇദ്ദേഹത്തെ കണ്ടെത്താൻ കഴിയും എന്ന് എനിക്ക് വിശ്വാസമുണ്ട്. ഒരമ്മയും മൂന്നു മക്കളും തീരാത്ത കണ്ണീരോടെ പ്രവാസിയായ തങ്ങളുടെ കുടുംബ നാഥന് വേണ്ടി നിറഞ്ഞ കണ്ണുകളോടെ പ്രാർഥനകളുമായി കാത്തിരിക്കുകയാണ്. പ്രിയ സുഹൃത്തുക്കളെ നമ്മുക്കൊന്ന് ഒത്ത് പിടിച്ചാലോ ………..?

തോരാത്ത കണ്ണുനീരിന് നമ്മുടെ ഒരു കൈ സഹായം നൽകാം. പ്രവാസ ലോകത്തും നാട്ടിലുമുള്ള പ്രിയ സാഹോദരങ്ങൾ ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് ഈ സഹോദരനെ കണ്ടെത്താൻ സഹകരിക്കുക

Exit mobile version