പ്രധാന ഉത്തരവാദി ജല അതോറിറ്റി; റോഡ് കുത്തിപ്പൊളിച്ചവര്‍ക്ക് അത് പഴപടിയാക്കാനും ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി റിയാസ്

Minister Muhammed Riyas | Bignewslive

തിരുവനന്തപുരം: റോഡ് കുളമാകുന്നതിന് പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പൊട്ടിപൊളിഞ്ഞ റോഡുകള്‍ നന്നാക്കത്തതിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

മന്ത്രി റിയാസിന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തി. കുടിവെള്ള വിതരണത്തിനായി പൊളിച്ച റോഡുകള്‍ പെട്ടെന്ന് മൂടാന്‍ സാങ്കേതിക പ്രശ്നമുണ്ടെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രവൃത്തി നടത്തി പൈപ്പുകളിട്ട് ടെസ്റ്റ് നടത്താതെ മൂടാനാവില്ല. പൈപ്പിട്ട ഉടനെ മൂടിയാല്‍ പിന്നീട് പരിശോധന നടത്തുമ്പോള്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ വീണ്ടും പൊളിക്കേണ്ടി വരും. ജല അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരത്തില്‍ ചില പ്രശ്നങ്ങളുണ്ട്. മന്ത്രി റിയാസുമായി അടുത്ത ആഴ്ചയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

മന്ത്രി റിയാസിന്റെ വാക്കുകള്‍;

‘കുത്തിപ്പൊളിച്ച റോഡുകള്‍ പഴയ പടിയിലാക്കാന്‍ കുത്തിപ്പൊളിച്ചവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ജല അതോറിറ്റി അത്തരത്തില്‍ റോഡുകള്‍ കുത്തിപ്പൊളിക്കുകയാണെങ്കില്‍ അത് പഴയ നിലയിലാക്കണമെന്ന് 2017-ലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ട്. കുടിവെള്ളത്തിന്റെ ആവശ്യത്തിന് റോഡുകള്‍ കുത്തിപൊളിക്കുകയാണെങ്കില്‍ ജല അതോറിറ്റി അത് പഴയ സ്ഥിതിയിലാക്കണം. കര്‍ക്കശമായ സമീപനം ഇക്കാര്യത്തില്‍ കൈക്കൊള്ളാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എഞ്ചിനീയര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ സന്ദര്‍ശനം നല്‍കിയിട്ടുണ്ട്. കഴിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്ന് എഞ്ചിനീയര്‍മാരോട് കോടതി പറഞ്ഞിട്ടുണ്ട്. നിശ്ചിത കാലയളവില്‍ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താനുള്ള ഉത്തരവാദിത്വം കരാറുകാര്‍ക്കുണ്ട്. അത് എത്രത്തോളം നടക്കുന്നുണ്ടെന്ന് പരിശോധിക്കാനും നടത്താത്തത് നടത്തിക്കാനുമുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. പലര്‍ക്കും ഈ കാലാവധി എത്രയെന്ന് അറിയില്ല’

Exit mobile version