ഇന്നലെ, ഹലാൽ ബീഫ് ഫ്രൈയും നോൺ ഹലാൽ പോർക്ക് വിന്താലുവും എടുത്താട്ടെയെന്ന് ഇന്ന്, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്ഐയ്ക്ക് അഭിവാദ്യങ്ങളെന്ന് ശ്രീജിത്ത്പണിക്കർ, ട്രോൾ

കൊച്ചി: ഭക്ഷണത്തിൽ മതവും വിഭാഗീയതയും കലർത്തുന്നതിന് എതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധമായ ‘ഫുഡ് സ്ട്രീറ്റ്’ പരിപാടിക്ക് അഭിവാദ്യങ്ങൾ നേർന്ന് ശ്രീജിത്ത് പണിക്കർ. ‘ഫുഡ് സ്ട്രീറ്റ്’ പരിപാടി വലിയ വിജയമാവുകയും ഹലാൽ ബോർഡോ നോൺ ഹലാൽ ബോർഡോ ഇല്ലാതെ വെഡ്-നോൺവെജ് ബിരിയാണിയും ചിക്കൻ, ബീഫ്, പന്നി വിഭവങ്ങളും ഉൾപ്പെടുത്തിയത് സോഷ്യൽമീഡിയ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ശ്രീജിത്ത് പണിക്കരുടെ മനംമാറ്റം.

അതേസമയം, ഫുഡ് സ്ട്രീറ്റ് പരിപാടിക്ക് എതിരെ നിരന്തരം ട്രോളുകൾ നിരത്തിയിരുന്ന ശ്രീജിത്ത് പണിക്കരും ഒടുവിൽ അഭിവാദ്യങ്ങളുമായി രംഗത്തെത്തിയതോടെ സോഷ്യൽമീഡിയയിൽ അദ്ദേഹത്തിന് എതിരെ ട്രോളുകൾ ശക്തമായിരിക്കുകയാണ്.

നിന്നനിൽപ്പിൽ കാലുമാറിയ ശ്രീജിത്ത് പണിക്കരെ തേച്ചൊട്ടിക്കുയാണ് ട്രോളന്മാർ. കഴിഞ്ഞദിവസം ‘സഹാവേ, നിങ്ങളുടെ ഫുഡ് സ്ട്രീറ്റിൽ നിന്നും ഒരു കിലോ ഹലാൽ ബീഫ് ഫ്രൈയും ഒരു കിലോ നോൺ ഹലാൽ പോർക്ക് വിന്താലുവും എടുത്താട്ടെ. വേഗം വേണം.’- എന്ന പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയ പണിക്കർ ഇന്ന്, ‘ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്ഐ സമരസഖാക്കൾക്ക് ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ! ‘- എന്നാണ് ഫേസ്ബുക്കിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിവൈഎഫ്‌ഐയുടെ പ്രതിഷേധമായ ‘ഫുഡ് സ്ട്രീറ്റ്’ ജില്ലാ കേന്ദ്രങ്ങളിലാണ് സംഘടിപ്പിച്ചത്. ഫുഡ് സ്ട്രീറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹീം ആണ്.

കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രമുള്ള, സാമുദായിക ഐക്യത്തിന്‍റെ നാടാണ് കേരളമെന്ന് എ എ റഹീം പറഞ്ഞു.

Exit mobile version