ഇന്ധനം തീർന്ന് നീണ്ടകരപ്പാലത്തിൽ ലോറി നിശ്ചലമായി, പ്രതിഷേധം ഭയന്ന് ഓടിരക്ഷപ്പെട്ട് ഡ്രൈവർ; അഞ്ചു മണിക്കൂർ നീണ്ട് ഗതാഗത തടസം

ചവറ: നീണ്ടകര പാലത്തിൽ വെച്ച് ഇന്ധനം തീർന്ന ലോറി നിന്നുപോയതോടെ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടത് അഞ്ചു മണിക്കൂർ. വാഹനം നിലച്ചതോടെ ഡ്രൈവർ കടന്നുകളഞ്ഞതാണ് സാഹചര്യം വഷളാക്കിയത്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകൾ തടസപ്പെട്ടു. വിദ്യാർത്ഥികളും അധ്യാപകരും രോഗികളും ജോലിക്കായി പുറപ്പെട്ടവരുമെല്ലാം ഗതാഗത കുരുക്കിൽപ്പെട്ട് വലഞ്ഞു.

ഇരു ഭാഗത്ത് നിന്നും എത്തിയ വാഹനങ്ങൾ തിക്കിത്തിരക്കി കടന്നുപോകാനുള്ള ശ്രമത്തിൽ നീണ്ടകരപ്പാലം പൂർണമായും ഗതാഗതക്കുരുക്കിലായി. ദേശീയപാതയിൽ കൊല്ലം ഭാഗത്ത് കാവനാട് ബൈപാസ് വരെയും കരുനാഗപ്പള്ളി ഭാഗത്ത് ശങ്കരമംഗലം വരെയും വാഹനങ്ങൾ നിരന്നു.

ആലുവയിൽ നിന്ന് അരി കയറ്റി കൊല്ലം ഭാഗത്തേക്ക് വന്ന ലോറിയാണ് ഇന്നലെ രാവിലെ എട്ടരയോടെ ഇന്ധനം തീർന്നു പാലത്തിനു നടുവിൽ നിശ്ചലമായത്. പിന്നാലെ യാത്രക്കാരുടെ പ്രതിഷേധം ഭയന്നു ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

വിവരം അറിഞ്ഞെത്തിയ കൺട്രോൾ റൂം പോലീസ് ലോറി ഡ്രൈവറെ കാണാത്തതിനെത്തുടർന്നു വാഹനത്തിന് എന്താണ് സംഭവിച്ചതെന്നറിയാത കുഴങ്ങി.

ഇതിനിടയിൽ കൂട്ടത്തോടെ വാഹനങ്ങൾ മറികടക്കുന്നത് ഇരുചക്രവാഹനത്തിൽ പട്രോളിങ് സംഘത്തെ നിയോഗിച്ചാണ് പോലീസ് ഒഴിവാക്കിയത്. ദേശീയപാതയിലേക്ക് കടക്കാനാകാതെ ഇടറോഡുകളിലും വാഹനങ്ങൾ ഗതാഗതക്കുരുക്കിലായി. ക്രെയിനുപയോഗിച്ച് 11 മണിയോടെ പാലത്തിൽ നിന്നും മാറ്റിയ ലോറി പിന്നീട് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പ്രശ്‌നങ്ങളെല്ലാം ഒതുങ്ങിയതോടെ സ്റ്റേഷനിൽ ഹാജരായ ഡ്രൈവർ കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി സ്വദേശി രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ ഗതാഗത തടസ്സം സൃഷ്ടിച്ചതിനു പോലീസ് കേസെടുത്തു. കരുനാഗപ്പള്ളി, കൊല്ലം എസിപിമാരായ ഷൈനു തോമസ്, ജിഡി വിജയകുമാർ, പോലീസ് ഇൻസ്‌പെക്ടർമാരായ എ നിസാമുദ്ദീൻ, യു ബിജു, എസ്‌ഐമാർ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിൽ പോലീസിനെ നിയോഗിച്ചാണ് ഗതാഗത തടസം ഒഴിവാക്കിയത്.

പ്രദേശവാസികളായ യുവാക്കളും പോലീസിനെ സഹായിക്കാൻ ഒപ്പം കൂടി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

Exit mobile version