തൃപ്പൂണിത്തുറ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായ കെടി സൈഗാൾ കുഴഞ്ഞുവീണ് മരിച്ചു

തൃപ്പൂണിത്തുറ: സിപിഎം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെടി സൈഗാൾ (45) അന്തരിച്ചു. വീടിനുള്ളിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് മരണം. പീപ്പിൾസ് സഹകരണ ബാങ്ക് വൈസ് ചെയർമാനും വിവിധ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു. ഇരുമ്പനം കാവരപറമ്പിൽ പരേതനായ കെവി തങ്കപ്പന്റെയും അമ്മിണിയുടെയും മകനാണ്. സംസ്‌കാരം പിന്നീട്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഏതാനും ദിവസം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. തിങ്കളാഴ്ച അർധരാത്രിയോടെ ശുചി മുറിയിൽ കുഴഞ്ഞുവീണു. തുടർന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തൃപ്പൂണിത്തുറ മേഖലയിലെ ശ്രദ്ധേയനായ യുവജന നേതാവായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗമായും സിപിഎം ഇരുമ്പനം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് രണ്ട് തവണ തൃപ്പൂണിത്തുറ നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു.

സൗമ്യയാണ് ഭാര്യ. അനുപം, ഹാശ്മി എന്നിവർ മക്കൾ. സഹോദരങ്ങൾ: കെടി സുരേഷ്, ദിനജ. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ

Exit mobile version