ജോലി സ്ഥലത്തെ മാനസിക സംഘർഷം; കാണാതായ കാനാറാ ബാങ്ക് മാനേജർ ആറ്റിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂർ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജർ പുല്ലമ്പാറ കൂനൻവേങ്ങ സ്‌നേഹപുരം ഹിൽവ്യൂവിൽ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം.

ഇവരെ ചൊവ്വാഴ്ച പുലർച്ചെ മൂന്നര മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. പോലീസെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെടുത്തു.

തിരുവനന്തപുരത്താണ് ഷെമി ഇവർ കുടുംബസമേതം താമസിച്ചുവന്നിരുന്നത്. ഒരാഴ്ച മുൻപ് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. തുടർന്ന് വിശ്രമത്തിനായാണ് കൂനൻവേങ്ങയിലുള്ള കുടുംബവീട്ടിലെത്തിയത്. അതേസമയം, ശസ്ത്രക്രിയയ്ക്ക് ശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബാങ്ക് ജോലി സംബന്ധിച്ചും കടുത്ത മാനസിക സംഘർഷമാണെന്ന് വീട്ടുകാരോടു പറഞ്ഞിരുന്നു.

തുടർന്ന് തമിഴ്നാട്ടിൽനിന്ന് തിരുവനന്തപുരത്തേക്കു ജോലി മാറ്റുന്നതിനായും ഷെമിയും ബന്ധുക്കളും ശ്രമം നടത്തിവരികയായിരുന്നു. കാണാതായ ഷെമിയുടെ മൊബൈൽഫോൺ വീട്ടിൽ തന്നെയുണ്ടായിരുന്നു. ചൊവ്വാഴ്ച പോലീസ് നായയുടെ സഹായത്താൽ അന്വേഷണം ആരംഭിച്ചു. ജെറി എന്ന പോലീസ് നായ വീട്ടിൽനിന്ന് അരക്കിലോമീറ്റർ വരുന്ന വാമനപുരം ആറിന്റെ കൈവഴിയായ തോട്ടിൽ വരെ എത്തിയതാണ് തെരച്ചിലിന് ആക്കം കൂട്ടിയത്. പേരൂർക്കട കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭർത്താവ്. അക്ബർ സലിം ഏക മകനാണ്. കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്നേഹപുരം കിഴക്കേകുഴി മസ്ജിദ് കബർസ്ഥാനിൽ.

Exit mobile version