പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ പുഴുവെന്ന് യുവാവ്, ബിരിയാണി ചെമ്പ് വലിച്ചെറിഞ്ഞ് പ്രതിഷേധം; പുഴു അല്ലെന്ന് തെളിഞ്ഞതോടെ പണം നല്‍കി തടിയൂരി

രാമനാട്ടുകര: ഹോട്ടലില്‍ നിന്നും പാര്‍സലായി വാങ്ങിയ ബിരിയാണിയില്‍ പുഴുവാണെന്ന് തെറ്റിദ്ധരിച്ച് യുവാവിന്റെ പരാക്രമം. രാമനാട്ടുകരയിലെ ഹോട്ടലിലാണ് സംഭവം നടന്നത്. ബഹളമുണ്ടാക്കിയ യുവാവ് ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു.

രാമനാട്ടുകര സ്വദേശിയായ യുവാവ് ആണ് ഹോട്ടലിലെത്തി അതിക്രമം നടത്തിയത്.
പാലക്കല്‍ ബിരിയാണി സെന്ററില്‍ നിന്നും ചൊവ്വാഴ്ച യുവാവ് ബിരിയാണി പാഴ്‌സല്‍ വാങ്ങിച്ചിരുന്നു. വൈകീട്ട് യുവാവ് പാഴ്‌സലുമായി തിരികെ ഹോട്ടലിലെത്തുകയും ബിരിയാണിയില്‍ പുഴുവുണ്ടെന്ന് പറഞ്ഞ് ബഹളം വെക്കുകയും ചെയ്തു.

എന്നാല്‍ അത് പുഴുവല്ല എണ്ണയില്‍ പൊരിഞ്ഞ അരി മണികളാണിതെന്ന് ഹോട്ടലുകാര്‍ യുവാവിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവ് ഇതിനൊന്നും ചെവി കൊടുത്തില്ല. മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കൂട്ടി വന്ന് ബിരിയാണി പരിശോധിപ്പിച്ചു. പുഴവല്ല അരി മണികളാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സ്ഥിരീകരിച്ചു. എന്നിട്ടും യുവാവ് സമ്മതിച്ചില്ല.

ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ ഹോട്ടലുകാരും ബഹളം വെച്ചു. ഹോട്ടലുടമ പോലീസിനെ വിളിച്ചു. ഫറോക്ക് പോലീസ് സ്ഥലത്തെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോയി. ഒടുവില്‍ നശിപ്പിച്ച ബിരിയാണിയുടെ പണം നല്‍കിയാണ് യുവാവ് തടിയൂരിയത്.

Exit mobile version