ഓടുന്ന ട്രെയിനില്‍ നിന്നും താഴെ വീണ ചെരിപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ 14കാരന്‍ വീണു; അത്ഭുത രക്ഷ, മകന്‍ വീണതറിയാതെ മാതാപിതാക്കളുടെ യാത്ര

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍നിന്ന് പ്ലാറ്റ്‌ഫോമിലേയ്ക്ക് വീണ സഹോദരന്റെ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കവേ നിലത്തുവീണ ബാലന് അത്ഭുത രക്ഷ. നിസാര പരിക്കുകളോടെ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മണികണ്ഠന്റെയും ഷണ്‍മുഖപ്രിയയുടെയും മകന്‍ 14 വയസ്സുകാരനായ ജ്യോതിഷ് കൃഷ്ണനാണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ട് 4.30-ന് പേട്ട റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ചെന്നൈയിലേക്കു പോകുന്ന അനന്തപുരി എക്‌സ്പ്രസില്‍ നിന്നാണ് കുട്ടി വീണത്. കൊല്ലത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങവെയായിരുന്നു അപകടം. മാതാപിതാക്കള്‍ ഉറങ്ങിയ സമയത്ത് ഇളയ സഹോദരന്‍ ആറുവയസ്സുള്ള സന്തോഷ് തീവണ്ടിയുടെ വാതിലിനടുത്ത് വന്ന് നിന്നു. ഇതിനിടെ കുട്ടിയുടെ ചെരിപ്പ് പ്ലാറ്റ്ഫോമിലേക്കു വീഴുകയായിരുന്നു.

അതു കണ്ട സഹോദരന്‍ ജ്യോതിഷ് തീവണ്ടിയില്‍നിന്നു ചാടിയിറങ്ങി ചെരിപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പ്ലാറ്റ്ഫോമില്‍ വീഴുകയായിരുന്നു. തീവണ്ടി വേഗത കുറച്ചിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി ബാലനെ എഴുന്നേല്‍പ്പിച്ചു. അപ്പോഴേക്കും തീവണ്ടി സ്റ്റേഷന്‍ വിടുകയും ചെയ്തു.

തുടര്‍ന്ന് ബാലനെ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഇരുത്തി. ഉറക്കമെഴുന്നേറ്റപ്പോഴാണ് മാതാപിതാക്കള്‍ കുട്ടി വീണ കാര്യം അറിയുന്നത്. ഒടുവില്‍ പിതാവ് മണികണ്ഠന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലിറങ്ങി റെയില്‍വേ പോലീസിനോടു കാര്യം പറഞ്ഞു. അവര്‍ മണികണ്ഠനെ ഓട്ടോറിക്ഷയില്‍ കയറ്റി പേട്ടയിലേക്ക് അയച്ചു. കുട്ടിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടുത്ത തീവണ്ടിയില്‍ കുടുംബം നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

Exit mobile version