ശബരിമല ദർശനത്തിന് ഇതരസംസ്ഥാന ഭക്തരിൽ നിന്നും പണം പിരിച്ചു; ഓഫീസ് തന്നെ തുടങ്ങി; ഐജി ലക്ഷ്മണിനെതിരെ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചെന്ന് സ്ഥിരീകരിച്ചതോടെ സസ്‌പെൻഷനിലായ ഐജി ലക്ഷ്മണിന് എതിരെ കൂടുതൽ ആരോപണങ്ങൾ. ശബരിമല ദർശനത്തിനായി ഇതര സംസ്ഥാന ഭക്തരിൽനിന്ന് ഐജി ജി ലക്ഷ്മൺ വ്യാപകമായി പണം വാങ്ങിയെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.

ഇതിനായി ഹൈദരാബാദിൽ ഓഫീസ് തുറന്നതായും സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുമുണ്ടായിരുന്നു. എന്നാൽ, നടപടി എടുക്കാതെ സംഭവം പോലീസ് ആസ്ഥാനത്ത് ഒതുക്കിത്തീർക്കുകയായിരുന്നു. മുൻസർക്കാരിൻരെ കാലത്താണ് ശബരിമല തീർഥാടന കാലത്ത് ദർശനത്തിനായി പണം വാങ്ങുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ അറിയുന്നത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അതിഥികളും ബന്ധുക്കളുമെത്തുമ്പോൾ ശബരിമലയിലെ ഡ്യൂട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് ദർശന സൗകര്യമൊരുക്കാൻ പറയുക പതിവാണ്. പക്ഷേ, ഐജി ലക്ഷ്മണിന്റെ അതിഥികളായി നിരവധിപ്പേർ ഓരോ ദിവസവും ശബരിമല ദർശനത്തിനെത്തിയതോടെയാണ് സംശയം തുടങ്ങിയത്. ശബരിമലയിലുള്ള സ്‌പെഷൽ ഓഫിസർമാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.

ഇതോടെ സ്‌പെഷൽ ബ്രാഞ്ചും അന്വേഷിച്ചു. ഹൈദരാബാദിൽ ദർശനത്തിന് സൗകര്യമൊരുക്കാൻ ഓഫിസ് തന്നെ തുടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിന് പിന്നിൽ ലക്ഷ്മണാണെന്ന വിവരവും ആഭ്യന്തരവകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും ലഭിച്ചു. 10,000 രൂപ മുതൽ ഒരാളിൽനിന്ന് വാങ്ങിയെന്ന വിവരവും ലഭിച്ചു.

അന്നത്തെ ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ മുൻ പോലീസ് മേധാവി ബെഹ്‌റയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, കാര്യമായ അന്വേഷണമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version