പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിൽ വാക്കുതർക്കം; ചോദിക്കാനെത്തിയവർ തമ്മിൽ കത്തിക്കുത്ത്; ഓടിയെത്തിയ അയൽക്കാരന് കുത്തേറ്റു

കടുത്തുരുത്തി: പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിലുള്ള വാക്തർക്കം ചോദിക്കാനെത്തിയ ആൺസുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അയൽക്കാരന് കുത്തേറ്റു. കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം. മങ്ങാട് സ്വദേശിയുടെ വീട്ടിലെത്തിയവരാണ് അക്രമം നടത്തിയത്. ബഹളം കേട്ട് എത്തിയ അയൽവാസിയും സിപിഎം പ്രവർത്തകനുമായ പരിഷത്ത് ഭവനിൽ അശോക(54)നാണ് കുത്തേറ്റത്.

ബഹളത്തിനിടയിൽ പടക്കം എറിഞ്ഞതായും നാട്ടുകാർ പറഞ്ഞു. പ്രതികളായ കുറിച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നിവരെ കടുത്തുരുത്തി എസ്ഐ ബിബിൻ ചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി.

ഗുരുതരമായി പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവത്തിന് തുടക്കം. ഫോണിലൂടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ കാപ്പുന്തല സ്വദേശിയായ പെൺകുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആൺസുഹൃത്തുക്കളുമാണ് മങ്ങാട്ടിൽ ചോദിക്കാനെത്തിയത്. കാറിൽ മാരകായുധങ്ങളുമായാണ് ഇവർ എത്തിയത്.

ഇവരുടെ സംഘർഷത്തിന്റെ ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയപ്പോഴാണ് അശോകനെ നാലംഗസംഘത്തിൽ പെട്ടവർ കുത്തിയത്. രണ്ടുപേർ പിടിയിലായെങ്കിലും മറ്റുരണ്ടുപേർ കൈലാസപുരം ക്ഷേത്രത്തിന് സമീപം നിർത്തിയിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീവ് കെ പാലിയപാടത്തിന്റെ ബൈക്ക് എടുത്ത് കടന്നുകളഞ്ഞു. പ്രതികൾ വന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version