‘കുറുപ്പ്’ ഒടിടി റിലീസിന് നെറ്റ്ഫ്ലിക്സ് നല്‍കിയത് 40 കോടി; മമ്മൂട്ടി ഇടപെട്ട് തിയേറ്ററിലേക്ക്

തിയറ്റര്‍ റിലീസിന് കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ ഒടിടി റിലീസിന് നെറ്റ്ഫ്ലിക്സ് നല്‍കിയത് 40 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഒരുമാസം മുമ്പാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ നിര്‍മ്മാതാക്കള്‍ ഒപ്പുവെച്ചത്.

എന്നാല്‍, മമ്മൂട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം 30 ദിവസത്തിനുശേഷം ചിത്രം ഒടിടിക്ക് നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഈ മാസം 12നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് സിനിമ തിയറ്ററിന് നല്‍കിയത്. ചിത്രം തുടര്‍ച്ചയായ മൂന്നാഴ്ച്ച തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്നും കുറുപ്പിനൊപ്പം മറ്റു സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.

എന്നാല്‍ മറ്റു സിനിമ പ്രദര്‍ശിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് കുറുപ്പ് സിനിമയുടെ നിര്‍മ്മാതാക്കള്‍ തിയറ്റര്‍ ഉടമകളെ അറിയിച്ചു. കുറുപ്പ് തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് മമ്മൂട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് ചിത്രം തിയേറ്ററിന് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായത്. തിയേറ്റര്‍ ഉടമകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുറുപ്പ് സിനിമ തിയറ്ററിന് നല്‍കിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ ജീവിതം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ കുറുപ്പ് നവംബര്‍ 12ന് തിയറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Exit mobile version