‘പെട്രോളടിയ്ക്കാന്‍ കാശില്ലാത്തതിനാല്‍ വണ്ടി വിറ്റു’: ജോജുവിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി വിടി ബല്‍റാം

കൊച്ചി: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ പഴയ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.

ഓട്ടോമൊബൈല്‍ വ്ളോഗറായ ബൈജു എന്‍ നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നുള്ള ഒരു ഭാഗമാണ് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ ബൈജുവും ജോജുവും കൂടി നടത്തിയ ഒരു യാത്രയ്ക്കിടെയുള്ള ദൃശ്യങ്ങളാണിവ. സംഭാഷണം ഇങ്ങനെ, ജോജുവിന്റെ കൈയിലുണ്ടായിരുന്ന പഴയ ഹോണ്ട സിആര്‍വി കാര്‍ എവിടെയെന്ന് ബൈജു ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍, അത് ‘പെട്രോളടിക്കാന്‍ കാശില്ലാത്തതിനാല്‍ അത് വിറ്റു’ എന്നാണ് വീഡിയോയിലെ പ്രതികരണം. ഇതിന് പിന്നാലെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു.

ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തെ നടന്‍ ജോജു ജോര്‍ജ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രവര്‍ത്തകര്‍ കാര്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ജോജുവിന്റെ കൈയ്ക്കും പരിക്ക് പറ്റിയിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വണ്ടിക്കുണ്ടായത്. ഇന്നലെ നടന്ന റോഡ് ഉപരോധ സമരത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ഡിസിപിയും വ്യക്തമാക്കിയിരുന്നു.

അതേസമയം, കോണ്‍ഗ്രസ് റോഡ് ഉപരോധത്തില്‍ ഉണ്ടായ അക്രമത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നു പോലീസ്. നടന്‍ ജോജു ജോര്‍ജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ടോണിക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് .

Exit mobile version