കുഞ്ഞിനെ തിരികെ കിട്ടണം: ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുഞ്ഞിനെ ലഭിക്കാന്‍ അനുപമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. താന്‍ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.

കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവരടക്കം ആറുപേരെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി. 12 മാസമായി കുട്ടിയെക്കുറിച്ച് യാതൊരു അറിവുമില്ല. പോലീസും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഢാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

കുട്ടിയെ കാണാതായ സംഭവത്തില്‍ നിയമ നടപടികള്‍ കോടതിയില്‍ നില്‍ക്കെ, ദത്ത് നടപടി നിയമപരമായിരുന്നുവെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞത് അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും ഇക്കാരണത്താലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിക്കാരി വ്യക്തമാക്കി.

Exit mobile version