കെഎസ്ആർടിസി സൂപ്പർക്ലാസ് സർവീസുകളുടെ പഴക്കം ഏഴിൽ നിന്ന് ഒമ്പതാക്കി ഉയർത്തി; 704 ബസുകൾ നിരത്തിലേക്ക്

കോട്ടയം: കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് സർവീസുകളുടെ പഴക്കം ഏഴിൽനിന്ന് ഒമ്പതുവർഷമാക്കി ഉയർത്തി. ഇതോടെ ഏഴിനും ഒമ്പതിനും ഇടയിൽ വർഷം പഴക്കമുള്ള 704 ബസുകൾ നിരത്തിലിറങ്ങും. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ് സർവീസുകളായാണ് 704 ബസുകൾ എത്തുന്നത്.

കോവിഡ് മൂലം രണ്ടുവർഷമായി ബസുകൾ ഓടിക്കാനായിട്ടില്ലെന്ന് കാണിച്ച് കെഎസ്ആർടിസി നൽകിയ അപേക്ഷയിലാണ് കാലാവധി ദീർഘിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. സ്‌കൂൾ തുറക്കൽ, ശബരിമല സീസൺ കണക്കിലെടുക്കണമെന്നും പുതിയ ബസുകൾ നിരത്തിലിറക്കാൻ സാമ്പത്തിക പ്രതിസന്ധി തടസ്സമാണെന്നും അപേക്ഷയിലുണ്ട്.

1999ലാണ് മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്ത് സൂപ്പർ ക്ലാസ് സർവീസുകൾ തുടങ്ങിയത്. ഫാസ്റ്റിന് മൂന്നുവർഷവും സൂപ്പർഫാസ്റ്റിന് മുകളിലേക്കുള്ള സർവീസുകൾക്ക് രണ്ടുവർഷവും പഴക്കമുള്ള ബസുകളേ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം. 2010ൽ നടപ്പാക്കിയ ഭേദഗതിയിലൂടെ അഞ്ചുവർഷം പഴക്കമുള്ളവ ഫാസ്റ്റായും മൂന്നു വർഷംവരെയുള്ളവ സൂപ്പർ ഫാസ്റ്റായും ഓടിക്കാമെന്നായി.

2018ൽ വരുത്തിയ ഭേദഗതിയിൽ എല്ലാ സൂപ്പർക്ലാസുകളുടെയും പഴക്കം ഏഴുവർഷമാക്കി. ഇതാണ് ഗതാഗത സെക്രട്ടറിയുടെ ഉത്തരവിൽ ഒമ്പതാക്കിയത്. പ്രീമിയം എസി ബസുകൾക്കടക്കം ഇത് ബാധകമാണ്.

KSRTC scania

ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജുപ്രഭാകർ ഒക്‌ടോബർ 22ന് നൽകിയ അപേക്ഷ ഗതാഗത സെക്രട്ടറിയായ ബിജുപ്രഭാകർ ഒക്‌ടോബർ 29ന് അംഗീകരിക്കുകയായിരുന്നു.

Exit mobile version