ഷോക്കേറ്റ് റിസ്വാൻ പിടഞ്ഞു; കണ്ടുനിൽക്കാനാകാതെ അർജുൻ കെട്ടിപ്പിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണമരണം; നിസഹായനായി സുരേഷ്

കൊല്ലം: കൽച്ചിറ ചെറുകടവിൽ ഉല്ലാസത്തിനായി എത്തിയ അഞ്ചംഗ സുഹൃദ്‌സംഘത്തിലെ രണ്ടുപേർ മരണത്തിലേക്ക് നടന്നുനീങ്ങിയതിന്റെ ഞെട്ടലിൽ നിന്നും ഈ വിദ്യാർത്ഥികളും ദൃക്‌സാക്ഷിയായ സുരേഷും മുക്തരായിട്ടില്ല. കൺമുന്നിൽ രണ്ടു വിദ്യാർത്ഥികൾ പിടഞ്ഞുമരിക്കുന്നത്, നിസ്സഹായനായി കണ്ടുനിൽക്കേണ്ടിവന്ന ദുഃഖത്തിലാണ് ഓട്ടോ ഡ്രൈവർ ഏറ്റുവായ്ക്കോട് ഗോപികയിൽ സുരേഷ്. ടികെഎം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളായ അർജുനും റിസ്വാനും മറ്റ് സുഹൃത്തുക്കളും പുഴക്കടവിലേക്ക് വിനോദത്തിനായി എത്തിയതായിരുന്നു.

പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ വാക്കനാട് കൽച്ചിറ പള്ളിക്കുസമീപം ആറ്റിലേക്കുള്ള പടവിൽ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ അബദ്ധത്തിൽ പിടിച്ചാണ് റിസാനും അർജുനും പിടഞ്ഞുമരിച്ചത്. മരിച്ച വിദ്യാർഥികളടക്കമുള്ള അഞ്ചുപേരും നെടുമൺകാവ് ജങ്ഷനിൽനിന്ന് സുരേഷിന്റെ ഓട്ടോയിലാണ് കൽച്ചിറയിൽ എത്തിയത്.

‘ആറ്റിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇറങ്ങരുതെന്ന് ഞാൻ കുട്ടിളോട് പറഞ്ഞു. ‘ഇല്ല ഫോട്ടോയെടുത്തിട്ട് തിരികെക്കയറാമെന്ന് അവർ പറഞ്ഞു’-സുരേഷ് ഓർത്തടുക്കുന്നു. കാടുമൂടിക്കിടന്ന ഭാഗത്ത് സ്റ്റേ കമ്പിയാണെന്ന് തെറ്റിദ്ധരിച്ച് റിസ്വാൻ പിടിച്ചതാകാമെന്ന് സുരേഷ് സംശയിക്കുന്നു. ഉടൻതന്നെ അർജുൻ വട്ടക്കമ്പ് ഒടിച്ച് കൈവിടുവിക്കാൻ ശ്രമിച്ചു. എന്നാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. ആ വെപ്രാളത്തിനിടെ കരഞ്ഞുപറഞ്ഞുകൊണ്ട് അർജുൻ റിസ്വാനെ കടന്നുപിടിക്കുകയായിരുന്നു. കൂട്ടുകാരനോടുള്ള സ്‌നേഹത്തിൽ അർജുൻ മരണത്തിലേക്കു വീണതാണെന്ന് സുരേഷ് പറയുന്നു.

‘രണ്ടുകുട്ടികൾ കണ്മുന്നിൽ പിടഞ്ഞുമരിക്കുന്നത് കണ്ടുനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. വെള്ളത്തിൽ വീണതാണെങ്കിൽ കൂടെച്ചാടി രക്ഷിക്കാമായിരുന്നു. ഇത് ഒന്നുംചെയ്യാൻ കഴിയില്ലല്ലോ.’-സുരേഷിന്റെ വാക്കുകൾ ഇടറി.

Exit mobile version