മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ തുറക്കും: കേരളം സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച
രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് താഴ്‌ന്നെങ്കില്‍ തുറക്കില്ലെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മഴ ശക്തമായാല്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി റവന്യൂ മന്ത്രി കെ. രാജനും മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിനുള്ള യോഗത്തിനു ശേഷം ഇരുവരും ഒരുമിച്ചു മാധ്യമങ്ങളെ കാണുകയായിരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ അണക്കെട്ട് എന്ന് നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. തമിഴ്നാടിന് ആവശ്യത്തിന് ജലം നല്‍കാന്‍ കേരളം തയ്യാറാണ്. സുപ്രീം കോടതിയില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് 136 അടിയിലേക്ക് കുറച്ചു കൊണ്ടുവരണമെന്നാണ് കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ ഭീതി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരേ ആണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അണക്കെട്ടില്‍ ആശങ്കയില്ലെന്ന തരത്തില്‍ ഇതു വളച്ചൊടിക്കാനാണ് സുപ്രീം കോടതിയില്‍ തമിഴ്നാടിന്റെ അഭിഭാഷകന്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സുപ്രീം കോടതി കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മന്ത്രി അറിയിച്ചു.

തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍ഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് ജലം ഇടുക്കിയിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ലാ ഭരണകൂടം എടുത്തു വച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാല്‍ ഇവരെ നേരില്‍ വിവരം ധരിപ്പിക്കുന്നതിനു വേണ്ടിയാണിത്. അനാവശ്യമായ ഭീതി ഒഴിവാക്കാന്‍ ഇതു സഹായിക്കും. സമൂഹ മാധ്യമങ്ങളിലടക്കം യാതൊരു തരത്തിലുള്ള കുപ്രചരണങ്ങളും അനുവദിക്കില്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശ്കതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.

Exit mobile version