അണ്ണാ കൈവിടരുത് , മുല്ലപ്പെരിയാറിനെ ചൊല്ലി എംകെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിൽ അഭ്യർഥനയുമായി മലയാളികൾ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിൽ അഭ്യർഥനയുമായി മലയാളികൾ.വെള്ളം എടുത്തോളൂ, ജീവൻ എടുക്കരുത്…, സാർ, സഹായിക്കണം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം,.. #DecommisionMullaperiyarDam, #savemullaperiyar, #SaveKerala..’ ഇങ്ങനെ മലയാളികളുടെ പ്രതിഷേധങ്ങളും അഭിപ്രായങ്ങളും നിറയുകയാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണം, പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മലയാളികൾ മുന്നോട്ടുവെച്ചിട്ടുള്ളത്.

നേരത്തെ തന്നെ, മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യം വിവിധഭാഗങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്. നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഈ ആവശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമിച്ച അണക്കെട്ടിന് ബലക്ഷയമുണ്ടെന്നും ജലനിരപ്പ് ഉയരുന്നത്, തകർച്ചയ്ക്കു വഴിവെക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നുണ്ട്. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്.

അതേസമയം, മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്പര്യ ഹർജികളാണ് കോടതിക്ക് മുമ്പിലുള്ളത്. ജസ്റ്റിസ് എ.എം.ഖാൻവീൽക്കർ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

Exit mobile version