തടിക്കഷ്ണങ്ങൾക്ക് ഉള്ളിൽ കോഴിമുട്ട; എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ പാമ്പ് കടിയേറ്റ് മരിച്ചു

മണ്ണയ്ക്കനാട്: വീടിന് സമീപത്ത് കൂട്ടിയിട്ടിരുന്ന തടിക്കഷണങ്ങൾക്കിടയിൽ നിന്നും കോഴിമുട്ട എടുക്കാനായി കൈയിട്ട ഗൃഹനാഥൻ പാമ്പുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാൽ പീടികയിൽ സുകുമാരൻ നായർ(ബിജു-48) ആണ് മരിച്ചത്.

മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസിൽ താത്കാലിക പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ചിരുന്നു. വീടിന് സമീപം കൂട്ടിവെച്ച തടിക്കഷണങ്ങൾക്കിടയിലാണ് ഇവിടുത്തെ കോഴി മുട്ട ഇട്ടിരുന്നത്. മുട്ട എടുക്കുന്നതിനിടയിൽ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെയൊന്നും കാണാത്തതിനാൽ കാര്യമാക്കിയില്ല. പിന്നീട് മണിക്കൂറുകൾക്ക് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്.

പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. വീണ്ടും പരിസരത്ത് പരിശോധന നടത്തിയപ്പോൾ പാമ്പിന്റെ മാളം കണ്ടെത്തി. ഭാര്യ: ബീന മറ്റപ്പിള്ളിൽ കരോട്ട് മീനച്ചിൽ. മകൻ: അതുൽകൃഷ്ണ(പത്താം ക്ലാസ് വിദ്യാർഥി, മണ്ണയ്ക്കനാട് ശ്രീകൃഷ്ണ സ്‌കൂൾ).

Exit mobile version