കുഞ്ഞിനെ കൈമാറിയ ശേഷം അനുപമ സന്തോഷവതിയായിരുന്നു; വീട്ടുതടങ്കലിൽ ആയിരുന്നില്ല, സഹോദരിയുടെ വിവാഹത്തിൽ സന്തോഷത്തോടെ പങ്കെടുത്തു: ബന്ധുക്കൾ

തിരുവനന്തപുരം: കുഞ്ഞിനെ അനുപമ കൈമാറിയത് പൂർണസമ്മതത്തോടെയായിരുന്നു എന്ന് കുടുംബം. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്ന് കുടുംബാംഗങ്ങൾ ജാമ്യഹർജിയിലും ആവർത്തിച്ചു. അനുപമയുടെ കുഞ്ഞിനെ കടത്തിയെന്ന കേസിൽ അച്ഛനും അമ്മയും സഹോദരിയും ഭർത്താവും അച്ഛന്റെ സുഹൃത്തുക്കളും ഉൾപ്പെടെയുള്ള അഞ്ചുപേരാണ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുള്ളത്.

അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ ശേഷമാണ് സഹോദരി അഞ്ജുവിന്റെ വിവാഹം നടന്നത്. ഈ വിവാഹത്തിൽ അനുപമ വളരെ സന്തോഷവതിയായി പങ്കെടുത്തതിനു തെളിവുണ്ടെന്ന് ഹർജിയിൽ പറയുന്നു.

അനുപമയെ വീട്ടുതടങ്കലിലാക്കിയിരുന്നു എന്ന വാദം ശരിയല്ലെന്നും അജിത്തിന്റെ വിവാഹമോചനശേഷം ഒരുമിച്ച് താമസിച്ച് തുടങ്ങിയ ശേഷമാണ് കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ രംഗത്തുവന്നതെന്നുമാണ് ഇവരുടെ വാദം.അപ്പോഴേക്കും കുഞ്ഞിനെ കൈമാറി ആറുമാസം കഴിഞ്ഞിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറയുന്നത്.

ഇതിനിടെ, അനുപമയുടെ പ്രസവം നടന്ന കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും പഞ്ചായത്തിൽനിന്നും ജനന രേഖകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ശിശുക്ഷേമ സമിതിയിൽനിന്നും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയിൽനിന്നും പോലീസ് വിവരങ്ങൾ തേടി.

Exit mobile version